കോഴിക്കോട്: വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ എസ്.ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. എസ്.ഐ നിജീഷ്, എ.എസ്.ഐ അരുൺ കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രജീഷ്, ഗിരീഷ് എന്നിവര്‍ക്കാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണകുമാർ മുൻകൂർ ജാമ്യം അനുവദിച്ചത്.
ജൂലൈ 22നാണ് കല്ലേരി താഴെക്കോലോത്ത് സജീവൻ സ്റ്റേഷനിൽ വെച്ച് കുഴഞ്ഞുവീണ് മരിച്ചത്. സജീവനെ പൊലീസ് മർദ്ദിച്ചെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വിസമ്മതിച്ചതായും പരാതി ഉയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. സജീവനെ മർദ്ദിച്ചതിന് എസ്.ഐ നിജീഷിനും, പ്രജീഷിനുമെതിരെ കേസെടുത്തിരുന്നു.