കൊളംബോ: ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസിഡറുമായ സനത് ജയസൂര്യ നടൻ മമ്മൂട്ടിയുമായി കൊളംബോയിൽ കൂടിക്കാഴ്ച നടത്തി. ഒരു സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിൽ എത്തിയപ്പോളാണ് മമ്മൂട്ടിയെ സർക്കാർ പ്രതിനിധിയായ ജയസൂര്യ സന്ദർശിച്ചത്. ജയസൂര്യയാണ് കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.
‘മലയാളത്തിലെ മുതിർന്ന നടൻ മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു. സർ, താങ്കൾ യഥാർഥ സൂപ്പർ സ്റ്റാർ തന്നെ. ശ്രീലങ്കയിൽ വന്നതിനു നന്ദി. എല്ലാ ഇന്ത്യൻ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദർശിക്കാനും ആസ്വദിക്കാനും സ്വാഗതം ചെയ്യുന്നു” മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ജയസൂര്യ ട്വീറ്റ് ചെയ്തു.
എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ശ്രീലങ്കയിലെത്തിയതായിരുന്നു മമ്മൂട്ടി. ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനെയുമായും മമ്മൂട്ടി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും.