എറണാകുളം: പ്രതിഷേധം കനത്തതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അദാനി പോർട്ട്സ് താൽക്കാലികമായി നിർത്തിവച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണമാണ് തീരശോഷണത്തിന് കാരണമെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നത്. തുറമുഖത്തിന്റെ നിർമ്മാണം നിർത്തിവച്ച് തീരദേശ മണ്ണൊലിപ്പ് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ഈ മാസം അവസാനം വരെ സമരം തുടരുമെന്ന് ലത്തീൻ സഭാ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സമരത്തിനെതിരെ മന്ത്രി അഹമ്മദ് ദേവർകോവിൽ രംഗത്തെത്തി. അവിടെയുള്ളവർക്ക് സമരത്തിൽ പങ്കില്ലെന്നും പുറത്തുനിന്നുള്ളവരാണ് സമരം നടത്തുന്നതെന്നുമാണ് മന്ത്രിയുടെ പ്രതികരണം. നാട്ടുകാരുടെ ന്യായമായ ആവശ്യങ്ങൾക്ക് സർക്കാർ പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാന വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുന്ന സർക്കാരാണിത്. തുറമുഖ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉയർന്നുവന്ന ആവശ്യങ്ങൾക്കും പ്രശ്നങ്ങൾക്കും സർക്കാർ പരിഹാരം കണ്ടെത്തിയിട്ടുണ്ട്. അത് ചർച്ച ചെയ്ത് വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകുന്ന ഈ പദ്ധതി പ്രദേശവാസികൾക്ക് സാങ്കേതിക പരിജ്ഞാനവും വൈദഗ്ധ്യവും നൽകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏകദേശം 10,000 പേർക്ക് തൊഴിൽ ലഭിക്കും. ഈ പദ്ധതി പ്രദേശവാസികൾക്ക് വലിയ തൊഴിലവസരങ്ങളാണ് നൽകുന്നത്. പദ്ധതിക്ക് ആവശ്യമായ വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കുന്നതിന് അസാപ്പിന്റെ നേതൃത്വത്തിൽ നാട്ടുകാർക്ക് സൗജന്യ പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. മന്ത്രി പറഞ്ഞു.