കണ്ണൂര്‍: സ്ത്രീകൾ അശ്ലീലം എഴുതിയാൽ ചൂടപ്പം പോലെ വിൽക്കുമെന്ന പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ തുറന്ന കത്തുമായി എഴുത്തുകാരി സിസ്റ്റർ ജെസ്മി. ഫെയ്സ്ബുക്കിലാണ് സിസ്റ്റർ ജെസ്മി കത്ത് പങ്കുവെച്ചത്.
‘പ്രിയ പദ്മനാഭൻ ചേട്ടാ’ എന്ന് തുടങ്ങുന്ന കത്തിൽ, “സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം” എന്ന പരാമര്‍ശം ജഗതി ശ്രീകുമാര്‍ കഥാപാത്രം പറഞ്ഞതുപോലെ എന്നെ ഉദ്ദേശിച്ചാണ് എന്നത് പകല്‍ പോലെ വ്യക്തമായതുകൊണ്ടാകാം എന്റെ സ്നേഹിതരും, മൊത്തം വൈരികളും ഇത് എനിക്ക് ഫോര്‍വേഡ് ചെയ്തതെന്നും സിസ്റ്റര്‍ ജെസ്മി കത്തില്‍ പറഞ്ഞു.
‘ആമേൻ’ എന്ന തന്റെ ആത്മകഥയിലെ 183 പേജുകളിൽ ഒന്നര പേജ് ബെംഗളൂരുവിലെ അനുഭവത്തെക്കുറിച്ച് എഴുതിയത് അശ്ലീലമാണെങ്കിൽ, അത് അനുഭവിച്ച തന്റെ ഗതി എന്താണെന്ന് സങ്കൽപ്പിക്കണമെന്ന് സിസ്റ്റർ ജെസ്മി മറുപടി നൽകി.