തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. വിവിധ പരിശോധനകൾക്കും രണ്ട് റൗണ്ട് അപ്പീലുകൾക്കും ശേഷം വില്ലേജ്/വാർഡ് സഭകൾ ചർച്ച ചെയ്ത് പുതുക്കിയ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികളുടെ അംഗീകാരം നേടിയ ശേഷമാണ് പ്രസിദ്ധീകരിച്ചത്. ഈ പ്രക്രിയ പൂർത്തിയാക്കിയ 863 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
171 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മഴ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണം ഗ്രാമ/വാർഡ് സഭകൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. നടപടികൾ പൂർത്തിയാകാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 151 പഞ്ചായത്തുകളും 19 മുനിസിപ്പാലിറ്റികളും ഒരു കോർപ്പറേഷനും ഉൾപ്പെടും . ഇവ കൂടി പൂർത്തിയായാൽ ഗുണഭോക്താക്കളുടെ പട്ടിക പൂർണ്ണമായും ലഭ്യമാകും. നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കി പട്ടിക സമർപ്പിക്കാൻ ശേഷിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മന്ത്രി നിർദ്ദേശം നൽകി. മഴയുൾപ്പെടെയുള്ള തടസങ്ങൾക്കിടയിലും സമയബന്ധിതമായി നടപടി പൂർത്തിയാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
863 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 4,62,611 കുടുംബങ്ങളെയാണ് വീടിന് അർഹരായി തിരഞ്ഞെടുത്തത്. ഇതിൽ 3,11,133 പേർ ഭൂമിയുളള ഭവനരഹിതരും 1,51,478 പേർ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്. ഗുണഭോക്താക്കളുടെ പട്ടികയിൽ 94,937 പേർ പട്ടികജാതിക്കാരും 14,606 പേർ പട്ടികവർഗക്കാരുമാണ്. കൊല്ലം, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടികൾ പൂർത്തിയാക്കി. www.life2020.kerala.gov.in വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷകർക്ക് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും അന്തിമ പട്ടിക പൊതുജനങ്ങളുടെ അറിവോടെ പ്രസിദ്ധീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.