പുതിയ ബില്ലുകളിലൂടെ സർവകലാശാലകളുടെ സ്വയംഭരണ സ്വഭാവം തകർക്കാനും സർക്കാരിന്റെ അഴിമതിയെ ചോദ്യം ചെയ്യുന്ന എല്ലാവരെയും നിർവീര്യമാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി അഴിമതി നടത്തിയാൽ അത് ചോദ്യം ചെയ്യപ്പെടേണ്ടെന്ന് പറയുന്നത് സ്റ്റാലിനിസ്റ്റ് നിലപാടാണ്. ലോകായുക്ത ഭേദഗതി ബില്ലിലൂടെയുള്ള അമിതാധികാര പ്രവണതയെ ഘടകകക്ഷികളെങ്കിലും ചോദ്യം ചെയ്യണമെന്നും സുരേന്ദ്രൻ അഭ്യർത്ഥിച്ചു. ഇല്ലെങ്കിൽ ആളുകൾ അക്കാര്യം ഏറ്റെടുക്കും.
പിൻവാതിലിലൂടെയും അധികാര ദുർവിനിയോഗത്തിലൂടെയും സ്വന്തക്കാരെ എല്ലാ സർവകലാശാലകളിലും ഉൾപ്പെടുത്തിയ ഇടതുസർക്കാർ, തങ്ങളുടെ അഴിമതിക്കെതിരെ ചെറിയ പ്രതികരണം പോലും വരാതിരിക്കാനാണ് ഗവർണറുടെ ചിറകരിയാൻ നിയമ നിർമ്മാണം കൊണ്ടുവരുന്നത്.
ഒരു ചെറിയ സംസ്ഥാനത്ത് തങ്ങളുടെ അധികാരം ഉപയോഗിക്കാൻ ഇത്രയൊക്കെ ക്രമക്കേടുകളും നിയമനിർമ്മാണങ്ങളും കൊണ്ടുവരുന്ന ഇവർ ഇന്ദ്രപ്രസ്ഥത്തിന് അടുത്തെത്തിയാൽ നമ്മുടെ ഭരണഘടനയെ നശിപ്പിക്കുകയും സ്റ്റാലിൻ-ഉത്തര കൊറിയൻ മോഡൽ നടപ്പിലാക്കുകയും ചെയ്യും. ഫെഡറലിസത്തെയും ജനാധിപത്യത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ അഴിമതി നടത്താൻ അതു തടയാൻ കഴിയുന്ന എല്ലാ പഴുതുകളും അടയ്ക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.