ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ജി.എസ്.ടി, കേന്ദ്ര പദ്ധതികളിലെ ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അറസ്റ്റും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും ചർച്ചയാവുകയാണ്. മമതാ ബാനർജിയുടെ അടുത്ത അനുയായിയായിരുന്ന പാർത്ഥ ചാറ്റർജിയെ ഇഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം ഉയർന്നിരുന്നു. പ്രസിഡന്റ് ദ്രൗപദി മുർമുവിനെയും സന്ദർശിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന നീതി ആയോഗ് യോഗത്തിലും മമത പങ്കെടുക്കും.
കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയേക്കും. ശനിയാഴ്ച നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക് വോട്ടുചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസിന്റെ മനസ്സ് മാറ്റാൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചേക്കും.