കണ്ണൂര്‍ : രാജ്യത്ത് കുരങ്ങ് വസൂരി ബാധിച്ച രണ്ടാമത്തെ വ്യക്തി രോഗമുക്തി നേടി. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളാണ് രോഗമുക്തി നേടിയത്. എല്ലാ സാമ്പിളുകളും നെഗറ്റീവ് ആണെന്നും രോഗി മാനസികമായും ശാരീരികമായും പൂർണ ആരോഗ്യവാനാണെന്നും അധികൃതർ പറഞ്ഞു.
പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിൽ ആർക്കും രോഗലക്ഷണങ്ങൾ ഉണ്ടായില്ല. ഇയാളെ ശനിയാഴ്ച ഡിസ്ചാർജ് ചെയ്യും. സംസ്ഥാനത്ത് പകര്‍ച്ചപ്പനി ചികിത്സാ മാര്‍ഗരേഖ പരിഷ്കരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. വെള്ളത്തിൽ ഇറങ്ങുന്ന എല്ലാവരും എലിപ്പനി വിരുദ്ധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം.
മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് ജില്ലകൾ അവലോകനം ചെയ്തു. പ്രായമായവർ, മറ്റ് ഗുരുതര രോഗങ്ങളുള്ളവർ, കുട്ടികൾ, ക്യാമ്പുകളിൽ കഴിയുന്ന ഗർഭിണികൾ എന്നിവർക്ക് പ്രത്യേക ശ്രദ്ധ നൽകണം. ക്യാമ്പുകളിൽ കൊവിഡ് പ്രതിരോധം തുടരണം. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികൾ തയ്യാറാണെന്നും കൂടുതൽ രോഗികൾ എത്തിയാൽ അതിനനുസരിച്ച് കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.