ഹിന്ദു പുരാണകാവ്യമായ രാമായണം ബോളിവുഡ് സിനിമയാക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. കരീന കപൂർ സീതയായി പ്രത്യക്ഷപ്പെടുമെന്നായിരുന്നു റിപ്പോർട്ടുകൾ. സീതയുടെ വേഷം ചെയ്യാൻ 6-7 കോടി മുതൽ 12 കോടി രൂപ വരെ താരം ആവശ്യപ്പെട്ടതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഇപ്പോൾ താരം ഇതിനോട് പ്രതികരിച്ചിരിക്കുകയാണ്.
തന്റെ വരാനിരിക്കുന്ന ചിത്രമായ ലാൽ സിംഗ് ഛദ്ദയുടെ പ്രമോഷണൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. തനിക്ക് ഒരിക്കലും സിനിമ വാഗ്ദാനം ചെയ്തിട്ടില്ലെന്നും അതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തതെന്നും താരം പറഞ്ഞു. ഈ ചിത്രത്തിലേക്ക് തനിക്ക് ഒരിക്കലും ഓഫര്‍ വന്നിരുന്നില്ലെന്നും അതിനാലാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും താരം പറഞ്ഞു.
“ആ സിനിമയിലേക്ക് ഒരിക്കലും എന്നെ പരിഗണിച്ചിരുന്നില്ല. പിന്നെ എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. അതെല്ലാം ആരോ കെട്ടിച്ചമച്ച കഥയാണ്. ഓരോ ദിവസവും ആളുകള്‍ ഓരോ കഥയുമായി വരും. പക്ഷേ എവിടെ നിന്നാണ് ഇത് വരുന്നതെന്ന് എനിക്ക് അറിയില്ല”
ലാൽ സിംഗ് ഛദ്ദയുടെ റിലീസിനായി തയ്യാറെടുക്കുകയാണ് കരീന ഇപ്പോൾ. ചിത്രത്തിൽ ആമിർ ഖാന്റെ നായികയായിട്ടാണ് നടി പ്രത്യക്ഷപ്പെടുന്നത്. ടോം ഹാങ്ക്സിന്റെ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ചിത്രം. ചിത്രം ഓഗസ്റ്റ് 11ന് റിലീസ് ചെയ്യും.