മിസ് യൂണിവേഴ്സ് ഹർനാസ് സന്ധുവിനെതിരെ നടിയും ചലച്ചിത്ര നിർമ്മാതാവുമായ ഉപാസന സിംഗ് കേസ് ഫയൽ ചെയ്തു. വ്യാഴാഴ്ചയാണ് താരത്തിനെതിരെ ഉപാസന കോടതിയെ സമീപിച്ചത്. താൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു പഞ്ചാബി ചിത്രത്തിന്റെ പ്രമോഷനിൽ പങ്കെടുക്കാൻ ഹർനാസ് കരാർ ഒപ്പിട്ടെങ്കിലും അത് പാലിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്.
ചണ്ഡീഗഢ് ജില്ലാ കോടതിയിലാണ് നടിക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്തത്. ‘ബായ് ജി കുട്ടന്ഗെ’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദം. കരാർ ലംഘനം നടത്തി എന്നാണ് ആരോപണം. മിസ്സ് യൂണിവേഴ്സ് ആകുന്നതിന് മുമ്പാണ് താൻ ഹർനാസിനെ സിനിമയിലേക്ക് കൊണ്ടുവന്നതെന്ന് ഉപാസന പറഞ്ഞു.
കരാര്‍ പ്രകാരം നേരിട്ടും വെര്ച്വലിയും പ്രമോഷന് എത്തിക്കോളമെന്ന് ഹര്‍നാസ് ഉറപ്പു നല്‍കിയിരുന്നു. എന്നാൽ ചിത്രത്തിന്റെ പ്രമോഷന് ഡേറ്റ് നൽകാൻ തയ്യാറായില്ലെന്നാണ് ആക്ഷേപം. അതിനാൽ ചിത്രത്തിന്റെ റിലീസ് മെയ് 27ൽ നിന്ന് ഓഗസ്റ്റ് 19ലേക്ക് മാറ്റേണ്ടിവന്നു. സംഭവത്തെക്കുറിച്ച് ഹർനാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.