കൊച്ചി: കേരളത്തെ ത്രില്ലടിപ്പിക്കാൻ ക്ലൗഡ് ബർസ്റ്റ് ഫെസ്റ്റിവലുമായി ഇമാജിനേഷന് ക്യുറേറ്റീവ്സ്. കൊച്ചിയിലും തിരുവന്തപുരത്തും നടക്കുന്ന പരിപാടിയിൽ ബോളിവുഡ് താരം സണ്ണി ലിയോണും പങ്കെടുക്കും. ഓഗസ്റ്റ് 13ന് കൊച്ചിയിലും ഓഗസ്റ്റ് 14ന് തിരുവന്തപുരത്തും നടക്കുന്ന ക്ലൗഡ് ബര്‍സ്റ്റില്‍ സ്റ്റേജ് ഷോയുമായി സണ്ണി ലിയോൺ കാണികളെ രസിപ്പിക്കും.
സംഗീതം, നൃത്തം, സ്റ്റാൻഡ് അപ്പ് ആക്ടുകൾ എന്നിവ അവതരിപ്പിക്കുന്ന കലാകാരൻമാർക്കൊപ്പം സംസ്ഥാന തലത്തിൽ നിന്നുള്ള ആളുകളും പ്രേക്ഷകരെ ആകർഷിക്കാൻ എത്തുന്നുണ്ട്. ക്ലൗഡ് ബർസ്റ്റ് മൂന്ന് ഭാഗങ്ങളായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 25ലധികം കലാകാരൻമാർ തുടർച്ചയായി ആറ് മണിക്കൂർ വേദിയിൽ പരിപാടികൾ അവതരിപ്പിക്കും.
ഈ മൺസൂൺ ഫെസ്റ്റിവലിന്റെ അവസാന ഘട്ടത്തിൽ നടക്കുന്ന ഇലക്ട്രോണിക് മ്യൂസിക്കിനനുസരിച്ചാണ് സണ്ണി ലിയോണിന്റെ പെര്‍ഫോമന്‍സ് നടക്കുക. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പരിപാടി അവർ അവതരിപ്പിക്കുന്നത്. ബ്ലെസ്ലി, ഫെജോ, ഇമ്പാച്ചി, എം.സി. കൂപ്പര്‍ (ജനപ്രിയ ഹിപ് ഹോപ്പ് ഇൻഡി ആർട്ടിസ്റ്റുകൾ), അജയ് സത്യൻ (സ്റ്റാർ സിംഗർ ഫെയിം), ഫൈസൽ റാസി (പൂമരം) തുടങ്ങിയ നിരവധി കലാകാരൻമാരുടെ പ്രകടനങ്ങൾ ആസ്വദിക്കാൻ വേദി അവസരം നൽകുന്നു. വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന പരിപാടി ആരാധകർക്ക് മികച്ച അനുഭവമായിരിക്കും. 14ന് തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക.