സൗദി അറേബ്യ: സൗദി അറേബ്യയിലെ ഫർസാൻ ദ്വീപില്‍ കൂടുതൽ പുരാവസ്തുക്കൾ കണ്ടെത്തി സൗദി-ഫ്രഞ്ച് പുരാവസ്തു ഗവേഷകർ. സൗദി ഹെറിറ്റേജ് അതോറിറ്റി വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ചെമ്പ് കഷ്ണങ്ങൾ കൊണ്ട് പൊതിഞ്ഞ റോമൻ കവചം ഉൾപ്പെടെയുള്ള അപൂർവ കഷ്ണങ്ങളാണ് സൗദി-ഫ്രഞ്ച് സംയുക്ത സംഘം കണ്ടെത്തിയത്.
എഡി ഒന്നാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിൽ റോമൻ കാലഘട്ടത്തിൽ ഏറ്റവും സാധാരണയായി ഉപയോഗിച്ചിരുന്ന “ലോറിക്ക സ്ക്വാമാറ്റ” എന്നറിയപ്പെടുന്ന മറ്റ് തരം ഷീൽഡുകളും സംഘം കണ്ടെത്തി. ജീസാന് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ ചെങ്കടലിലാണ് ഫർസാൻ ദ്വീപ് സ്ഥിതി ചെയ്യുന്നത്. കിഴക്കൻ റോമാസാമ്രാജ്യത്തിലെ ഒരു പ്രമുഖ ചരിത്രപുരുഷന്റെ പേരിലുള്ള റോമൻ ലിഖിതവും ഒരു ചെറിയ ശിലാപ്രതിമയുടെ തലയും ഈ കണ്ടുപിടുത്തത്തിൽ ഉൾപ്പെടുന്നു.
2005-ൽ സൗദി-ഫ്രഞ്ച് സംയുക്ത സംഘം ഈ ദ്വീപ് സന്ദർശിക്കുകയും പര്യവേക്ഷണം നടത്തുകയും ചെയ്തിരുന്നു. 2011-ൽ സർവേ ആരംഭിക്കുന്നതിന് മുമ്പ്, പുരാവസ്തു പ്രാധാന്യമുള്ള സ്ഥലങ്ങൾ തിരിച്ചറിഞ്ഞിരുന്നു. സാംസ്കാരിക പൈതൃക സൈറ്റുകൾ കണ്ടെത്തുന്നതിനും അവ സംരക്ഷിക്കുന്നതിനും അവയിൽ നിന്ന് പ്രയോജനം നേടുന്നതിനും ആർക്കിയോളജിക്കൽ അതോറിറ്റി നിരന്തരമായ ശ്രമങ്ങൾ തുടരുന്നു