ബീജിംഗ്: സൈനികാഭ്യാസത്തിനിടെ ചൈനയുടെ സൈനിക മിസൈലുകൾ വീണ്ടും തായ്വാന് തീരത്ത് പതിച്ചു. കിഴക്കൻ സെക്ടറിൽ നിന്ന് ചൈനീസ് കപ്പലുകളിൽ നിന്നാണ് മിസൈലുകൾ പറന്നത്. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് ചൈന തായ്വാന് ദ്വീപിന് ചുറ്റും ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ച് സൈനികാഭ്യാസം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും മിസൈലുകൾ വിക്ഷേപിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ചൈന തായ്വാനെ വളഞ്ഞ് സൈനികാഭ്യാസം ആരംഭിച്ചത്. തായ്വാൻ കടലിടുക്കിലെ മാറ്റ്സു, വുക്യു, ഡോങ് യിൻ എന്നീ ദ്വീപുകൾക്ക് സമീപമാണ് മിസൈലുകൾ പതിച്ചതെന്ന് തായ്വാൻ പറയുന്നു. ദ്വീപിന്റെ വടക്ക്, തെക്ക്, കിഴക്ക് ഭാഗങ്ങളിൽ മിസൈലുകൾ പതിച്ചതായും തായ്വാൻ സ്ഥിരീകരിച്ചു.
ചൈന തൊടുത്ത അഞ്ച് മിസൈലുകൾ തങ്ങളുടെ സമുദ്രാതിർത്തിയിൽ പതിച്ചതായി ജപ്പാൻ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി. സൈനികാഭ്യാസത്തിലൂടെ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ജലപാത ചൈന ഏകപക്ഷീയമായി നശിപ്പിക്കുകയാണെന്ന് തായ്വാൻ പ്രധാനമന്ത്രി സു സെങ്-ചാങ് വെള്ളിയാഴ്ച തായ്പേയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൈനയെ ഒരു ദുഷിച്ച അയൽരാജ്യം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഞായറാഴ്ച വരെ ഈ അഭ്യാസം തുടരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.