ഡാം തുറന്നെന്നുകരുതി പ്രളയമുണ്ടാകില്ല, വ്യാജ പ്രചാരണം നടത്തിയാല്‍ കേസെടുക്കും – റവന്യൂമന്ത്രി
കോഴിക്കോട്: അണക്കെട്ടുകള്‍ തുറന്നാല്‍ ഉടന്‍ പ്രളയമുണ്ടാകുമെന്ന് കരുതരുതെന്ന് റവന്യൂമന്ത്രി കെ.രാജന്. നിയമപ്രകാരം മാത്രമാകും ഡാമുകള്‍ തുറക്കുക. ഒറ്റയടിക്കല്ല ഡാമില്‍നിന്നും വെള്ളം തുറന്ന് വിടുന്നത്. പടി പടിയായാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസത്തിന് ഇട നല്‍കുന്നുണ്ട്. മുല്ലപ്പെരിയാര്‍ തുറക്കേണ്ടി വരുമെന്ന് ഇന്നലെ വൈകുന്നേരം 7 മണിക്കുതന്നെ തമിഴ്നാട് അറിയിച്ചിരുന്നു. പരമാവധി ജലം കൊണ്ടു പോകണമെന്നും രാത്രി തുറക്കരുതെന്നും ഡാം തുറക്കുന്ന കാര്യം കേരളത്തെ നേരത്തെ അറിയിക്കണം എന്നും തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
534 ക്യുസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ആദ്യം തുറന്ന് വിടുക. 2 മണിക്കൂര്‍ കഴിഞ്ഞാല്‍ 1000 ക്യുസെക്സ് വെള്ളം തുറന്ന് വിടേണ്ടി വനേക്കാം. 1000 ക്യു സെക്സിന് മുകളില്‍ പോയാല്‍ കേരളവുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ തുറക്കു എന്ന് തമിഴ് നാട് ഉറപ്പ് നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാണെന്നും മന്ത്രി പറഞ്ഞു.
2018 ലെ അനുഭവം ഇനി ഉണ്ടാകില്ല. കാലാവസ്ഥാ പ്രവചനം അനുസരിച്ച് വടക്കന്‍ കേരളം ഇന്ന് ജാഗ്രത പാലിക്കണം. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍വരുന്ന വ്യാജ പ്രചാരണത്തിന് കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.