തിരുവനന്തപുരം: ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും മുന്നറിയിപ്പില്ല.
തെക്ക് ഉപദ്വീപായ ഇന്ത്യയിൽ ഷിയർ സോൺ നിലനിൽക്കുന്നതിനാൽ മൺസൂൺ പാത അതിന്റെ സാധാരണ അവസ്ഥയിൽ നിന്ന് തെക്കോട്ട് മാറി സ്ഥിതിചെയ്യുന്നതായി കാണപ്പെടുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ച ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പശ്ചിമഘട്ടത്തിൽ വെള്ളിയാഴ്ച ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.