ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. ഗദൂര പ്രദേശത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരർ തൊഴിലാളികൾക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. ബീഹാർ സ്വദേശി മുഹമ്മദ് മുംതാസ് ആണ് മരിച്ചത്.
ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. റാംപൂർ സ്വദേശികളായ മുഹമ്മദ് ആരിഫ്, മുഹമ്മദ് മജ്ബൂൽ എന്നിവർക്കാണ് പരിക്കേറ്റത്. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഭീകരരെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം പുൽവാമയിൽ ഭീകരാക്രമണം നടന്നിരുന്നു. ആ ദിവസം, തീവ്രവാദികളുടെ വെടിയേറ്റ് ഒരു സൈനികന് ജീവൻ നഷ്ടപ്പെട്ടു. സിആർപിഎഫ് ജവാൻ എഎസ്ഐ വിനോദ് കുമാറാണ് വീരമൃത്യു വരിച്ചത്. ആപ്പിൾ തോട്ടത്തിൽ ഒളിച്ചിരുന്ന ഭീകരർ പൊലീസിനും സിആർപിഎഫിനും നേരെ വെടിയുതിർക്കുകയായിരുന്നു.