ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയുള്ള പ്രതിഷേധം രാജ്യത്തുടനീളം അലയടിക്കുന്നതിനിടെ ഇവ നടപ്പാക്കാന്‍ വളഞ്ഞ വഴി തേടി കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാ ബാങ്കായ സെന്‍ട്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നോ യുവര്‍ കസ്റ്റമര്‍ (കെ.വൈ.സി) ഫോറത്തിലാണ് എന്‍.പി.ആര് ഇടംപിടിച്ചത്. എന്‍.പി.ആര് വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്ന ഭീഷണിയും ഫോറത്തിലുണ്ട്. ബാങ്കിന്റെ നോട്ടീസ് തെലുങ്കു ദിനപത്രമായ ഈനാട് പ്രസിദ്ധീകരിച്ചു. പത്രത്തിന്റെ കൃഷ്ണ ജില്ലാ എഡിഷനില്‍ ജനുവരി11 നാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രമാണ് ഈ നാട്.
‘ 2020 ജനുവരി 31ന് മുമ്പ് ഉപഭോക്താക്കള്‍ എന്‍.പി.ആര് അടക്കമുള്ള കെ.വൈ.സി വിവരങ്ങള്‍ മുഴുവന്‍ സമര്‍പ്പിക്കണം. അല്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കും. അവര്‍ക്ക് ബാങ്കുകളില്‍ ഇടപാട് നടത്താനാകില്ല’ – എന്നാണ് നിര്‍ദ്ദേശത്തിലുള്ളത്.ദേശീയ വ്യാപകമായി നടപ്പാക്കുന്ന പൗരത്വ പട്ടികയുടെ ആദ്യപടിയായാണ് എന്‍.പി.ആര് എന്നാണ് കരുതപ്പെടുന്നത്. പ്രതിഷേധങ്ങള്‍ക്കിടെയും പൗരത്വഭേദഗതി നിയമവുമായും എന്‍.പി.ആറുമായും മുന്നോട്ടു പോകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പൗരത്വഭേദഗതി നിയമത്തിന്റെ വിജ്ഞാപനവും കേന്ദ്രം പുറപ്പെടുവിച്ചിരുന്നു.
എന്‍.പി.ആര് അല്ല, എന്‍.ആര്.സി തന്നെ
ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍.പി.ആര്) ദേശീയ പൗരത്വ പട്ടികയും (എന്‍.ആര്.സി) തമ്മില്‍ ഒരു ബന്ധവുമില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദങ്ങള്‍ ശരിയല്ലെന്നാണ് രേഖകള്‍ പറയുന്നത്. എന്‍.ആര്.സിയിലേക്കുള്ള ആദ്യ ചുവടല്ല, എന്‍.പി.ആര് എന്‍.ആര്.സി തന്നെയാണ് സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. എന്‍.പി.ആര് 2020നു വേണ്ട നിര്‍ദ്ദേശ മാനുവലില്‍ ഫീല്‍ഡ് നമ്പര്‍ 13ല്‍ മാതാപിതാക്കളുടെ ജനന വിവരങ്ങള്‍ ചോദിക്കുന്നിടത്താണ് ‘അപകടം’ പതിയിരിക്കുന്നത്. ഈ ഭാഗത്ത് മാതാപിതാക്കള്‍ ജനിച്ചത് ഇന്ത്യയിലാണോ വിദേശത്താണോ എന്നാണ് പ്രധാന ചോദ്യം. മന്‍മോഹന്‍സിങിനു കീഴിലെ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് മാതാപിതാക്കള്‍ എവിടെയാണ് ജനിച്ചത് എന്ന ചോദ്യമുണ്ടായിരുന്നില്ല.
ചോദ്യങ്ങള്‍ ഇങ്ങനെ
1- അച്ഛനോ അമ്മയോ പങ്കാളിയോ ഈ വീട്ടിലെ അംഗമല്ല എങ്കില്‍, അല്ലെങ്കില്‍ ജീവിച്ചിരിപ്പില്ല എങ്കില്‍ അവരുടെ പേരും ജനനത്തിയ്യതികളും താഴെ വരുന്ന ഇടത്ത് എഴുതുക. ജീവിതപങ്കാളിയെ കുറിച്ചെങ്കില്‍ പേരു മാത്രം എഴുതുക. 2- അവര്‍ ഈ വീട്ടിലെ അംഗങ്ങളാണ് എങ്കില്‍ നല്‍കിയിട്ടുള്ള ഇടത്ത് സീരിയല്‍ നമ്പര്‍ എഴുതുക 3- ജനനം ഇന്ത്യയ്ക്കകത്താണ് എങ്കില്‍ ഏതു സംസ്ഥാനത്ത്, ഏതു ജില്ലയില്‍ എന്ന് രേഖപ്പെടുത്തുക. ഇന്ത്യയ്ക്ക് പുറത്താണ് എങ്കില്‍ രാജ്യത്തിന്റെ പേരെഴുതുക. ഇന്സ്ട്രക്ഷന് മാന്വലില്‍ ഉദാഹരണ സഹിതമാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.
അസാധാരണം
സാധാരണഗതിയില്‍ ജനസംഖ്യാ സെന്‍സസിന്റെ ഭാഗമായാണ് എന്‍.ആര്.പി വിവരങ്ങള്‍ സര്‍ക്കാര്‍ ആരായുന്നത്. ഇതിനു മുമ്പു തന്നെ ഒരു വിവര ശേഖരണത്തില്‍ മാതാപിതാക്കളുടെ ജന്മസ്ഥലം ആവശ്യപ്പെട്ടിരുന്നില്ല എന്നാണ് വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ എന്‍.പി.ആറുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍.പി.ആര് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൗരന്മാരെ സംശയപ്പട്ടികയില്‍ പെടുത്താന്‍ ജില്ലാ മജിസ്ട്രേറ്റിന് അധികാരമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഈ പട്ടികയില്‍ പെടുന്നവര്‍ക്ക് തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടി വരും. ഈ പട്ടികയിലെ മാനദണ്ഡങ്ങളില്‍ വ്യക്തതയില്ല.