പത്തനംതിട്ട: ആറൻമുള വള്ളസദ്യ ഇന്ന് തുടങ്ങും. കൊവിഡ് മഹാമാരി സൃഷ്ടിച്ച രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തവണ വള്ളസദ്യ പുനരാരംഭിക്കുന്നത്. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ക്ഷേത്രക്കടവിനോട് അടുക്കുന്ന പള്ളിയോടങ്ങൾക്ക് ജില്ലാ ഭരണകൂടം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത 67 ദിവസം 52 പള്ളിയോടക്കരകളിലും വള്ളസദ്യയുടെ കാലമാണ്.
വഞ്ചിപ്പാട്ടിന്റെ താളം തെറ്റിച്ച കൊവിഡ് കാലത്തെ മറന്ന് ആറൻമുള പാർത്ഥസാരഥിയുടെ മണ്ണിൽ ഇന്ന് വള്ളസദ്യ സീസൺ വീണ്ടും ആരംഭിക്കുന്നു. 52 കരകളുടെ അധിപനായ ആറൻമുള പാർഥസാരഥിക്ക് മുന്നിൽ വഞ്ചിപ്പാട്ട് അടുത്ത 67 ദിവസം നിർത്താതെ മുഴങ്ങും. രുചിയാൽ സമ്പന്നമായ ആറൻമുളയിലെ 64 വിഭവങ്ങൾ പാട്ടിനൊപ്പം ഇലയിലെത്തും, ഉപ്പിലിട്ടത് തൊട്ട് അഞ്ച് തരം പായസം വരെ നീളുന്ന സദ്യ. ഇലയിൽ വിളമ്പുന്ന 44 വിഭവങ്ങൾക്ക് പുറമേ, തുഴക്കാർ പാടുകയും ചോദിക്കുകയും ചെയ്യുന്ന 20 വിഭവങ്ങളും രുചിയുടെ അളവ് വർദ്ധിപ്പിക്കുന്നു. ആചാരാനുഷ്ഠാനങ്ങളിൽ യാതൊരു വ്യത്യാസവുമില്ലാതെ നടത്തുന്ന വള്ളസദ്യയിൽ പങ്കെടുക്കാൻ വിവിധ കരപ്രതിനിധികൾ എല്ലാ ദിവസവും എത്തും.
ഇന്ന് ഏഴ് പള്ളിയോടങ്ങൾക്കാണ് വള്ളസദ്യ നടക്കുന്നത്. രാവിലെ 11.30ന് എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ ഭദ്രദീപം തെളിക്കും. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ഓരോ പളളിയോടങ്ങളിലും നീന്താൻ അറിയാവുന്ന 40 പേരെ മാത്രമേ തുഴയാൻ അനുവദിക്കൂ. ഇതുകൂടാതെ പളളിയോടങ്ങളുടെ സുരക്ഷയ്ക്കായി ബോട്ടുകളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും നിശ്ചിത എണ്ണം വള്ളസദ്യ മാത്രമേ നടത്തൂവെന്ന് പള്ളിയോട സേവാസംഘവും വ്യക്തമാക്കിയിട്ടുണ്ട്. അഷ്ടമിരോഹിണി ദിവസം വരെ വഞ്ചിപ്പാട്ടിന്റെ താളം ആറൻമുളയുടെ തീരങ്ങളിലെല്ലാം മുഴങ്ങും.