കൊച്ചി: സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. സർവേയ്ക്കായി പണം ചെലവഴിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം കെ-റെയിലിനായിരിക്കും. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സർവേയും സാമൂഹികാഘാത പഠനവും നടത്തുന്നത് അപക്വമായ നടപടിയാണെന്ന് റെയിൽവേ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആറിൽ സാങ്കേതിക സാധ്യതകളെക്കുറിച്ച് വേണ്ടത്ര വിശദാംശങ്ങൾ ഇല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ ലോക്സഭയിൽ പറഞ്ഞിരുന്നു. അലൈൻമെന്റ് പ്ലാൻ, ബന്ധപ്പെട്ട റെയിൽവേ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങൾ, നിലവിലുള്ള റെയിൽവേ ശൃംഖലയിലൂടെയുള്ള ക്രോസിംഗുകൾ തുടങ്ങിയ വിശദമായ സാങ്കേതിക രേഖകൾ കെ-റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇതുവരെ നൽകിയിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഹൈബി ഈഡൻ എം.പിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.