വടകര: വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. സസ്പെൻഷനിലായ എസ്.ഐ എം.നിജീഷ്, എ.എസ്.ഐ അരുൺകുമാർ, സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യും.
ഉദ്യോഗസ്ഥരോട് ഇന്ന് വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങൾ, ഹാർഡ് ഡിസ്ക് തുടങ്ങിയ ശാസ്ത്രീയ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അഞ്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തൽ ഇന്നലെ പൂർത്തിയായി.
സജീവനെ ആശുപത്രിയിലെത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവർ ഉൾപ്പെടെയുള്ള മറ്റ് സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതേസമയം അന്വേഷണസംഘത്തിന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നത് വൈകും.