ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ജൂലൈ 21ന് ആദ്യഘട്ടത്തിൽ കോൺഗ്രസ് അധ്യക്ഷയെ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാൽ അനാരോഗ്യം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതിന്റെ ഭാഗമായാണ് ജൂലൈ 26ന് ഹാജരാകാൻ ഇഡി നിർദേശം നൽകിയത്. അതേസമയം, സോണിയാ ഗാന്ധിക്കെതിരായ ഇഡി നടപടിക്കെതിരെ രാജ്ഘട്ടിൽ പ്രതിഷേധിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിന് തിരിച്ചടി. രാജ്ഘട്ടിലെ പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു. ഇതോടെ എഐസിസി ആസ്ഥാനത്ത് പ്രതിഷേധിക്കാനാണ് നേതാക്കളുടെ തീരുമാനം. നേതൃത്വം ഇന്ന് രാജ്യവ്യാപകമായി സത്യാഗ്രഹത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സത്യാഗ്രഹം സമാധാനപരമായി നടത്തണമെന്നാണ് നേതാക്കളുടെ നിർദ്ദേശം. എം.പിമാർ, പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയവർ ഡൽഹി സത്യാഗ്രഹത്തിൽ പങ്കെടുക്കും. സമാധാനപരമായി പ്രതിഷേധം നടത്താനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്ഘട്ടിനെ സമരത്തിന്റെ പ്രധാന വേദിയാക്കാൻ തീരുമാനിച്ചത്. എന്നാൽ ഡൽഹി പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് വേദി മാറ്റുകയായിരുന്നു.