ഒരു തലമുറയുടെ ആസ്വാദനത്തെ തന്നെ വളരെയധികം സ്വാധീനിച്ച സൂപ്പർ ഹിറ്റ് ഗാനം ദേവദൂതർ വീണ്ടും വെള്ളിത്തിരയിൽ! 1985-ൽ ഭരതൻ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിൽ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രീ. ഒ.എൻ.വി കുറുപ്പ് എഴുതി ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവഹിച്ച ഈ നിത്യഹരിതഗാനം പുതുതലമുറയിലെ ജനപ്രിയ നടൻ ചാക്കോച്ചന്റെ ചുവടുപിടിച്ച് വീണ്ടും സ്ക്രീനിൽ എത്തിയിരിക്കുകയാണ്.
രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ഏറ്റവും പുതിയ ചിത്രമായ ന്നാ താൻ കേസ്കൊട് എന്ന ചിത്രത്തിലാണ് ഗാനം പുനരാവിഷ്കരിക്കുന്നത്. ഡോൺ വിൻസന്റ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ചിത്രം ഓഗസ്റ്റ് 12ന് തീയേറ്ററുകളിലെത്തും. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. സൂപ്പർ ഡീലക്സ്, വിക്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഗായത്രി ശങ്കർ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.