ലണ്ടന്: ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ചൈനയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ഋഷി സുനക് പറഞ്ഞു. ആഭ്യന്തര, ആഗോള സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയാണ് ചൈനയെന്നും അദ്ദേഹം പറഞ്ഞു. ചൈന, റഷ്യ തുടങ്ങിയ വിഷയങ്ങളിൽ സുനക് അലംഭാവം കാണിക്കുന്നുവെന്ന് രാഷ്ട്രീയ എതിരാളി ലിസ് ട്രസ് ആരോപിച്ചതിന് പിന്നാലെയാണ് സുനക്കിന്റെ പ്രതികരണം.
ചൈനയെ സാംസ്കാരികമായും ഭാഷാപരമായും സ്വാധീനിക്കുന്ന ബ്രിട്ടനിലെ 30 ഓളം കണ്ഫ്യൂഷസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നും സുനക് പറഞ്ഞു. ബ്രിട്ടനിലെ സർവകലാശാലകളിൽ നിന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ പുറത്താക്കുമെന്നും സുനക് വാഗ്ദാനം ചെയ്തു. സൈബർ ഇടങ്ങളിൽ ചൈനീസ് കടന്നുകയറ്റം തടയുന്നതിനായി “നാറ്റോ-ശൈലിയിലുള്ള” അന്താരാഷ്ട്ര സഹവർത്തിത്വം വികസിപ്പിക്കുമെന്നും സുനക് പറഞ്ഞു. രാജ്യത്തെ പ്രധാന ടെക്നോളജി ഇൻസ്റ്റലേഷനുകളിൽ ഉൾപ്പെടെ ചൈനയുടെ അധിനിവേശങ്ങൾ പരിശോധിച്ച ശേഷം നിരോധനം ഉൾപ്പെടെയുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സുനക് കൂട്ടിച്ചേർത്തു.
ബ്രിട്ടന്റെ സാങ്കേതികവിദ്യ ചൈന തട്ടിയെടുക്കുകയും സർവകലാശാലകളിൽ നുഴഞ്ഞുകയറുകയും വികസ്വര രാജ്യങ്ങളെ കടക്കെണിയിൽ കുടുക്കുകയും ചെയ്തുവെന്ന് സുനക് ആരോപിച്ചു. സ്വന്തം പൗരൻമാർക്ക് പോലും ചൈന മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും സുനക് പറഞ്ഞു. സ്വന്തം താൽപ്പര്യങ്ങൾക്ക് അനുസൃതമായി ചൈന ആഗോള സമ്പദ്വ്യവസ്ഥയെ മാറ്റുന്നത് തുടരുകയാണെന്നും സുനക് കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയായ ആദ്യ ദിവസം തന്നെ ചൈനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സുനക് വാഗ്ദാനം ചെയ്തിരുന്നു.