കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത പ്രകാരം ഒക്ടോബർ 1 മുതൽ ഇന്ത്യയിലെ ഭൂരിഭാഗം മെഡിക്കൽ ഉപകരണങ്ങളും ലൈസൻസിംഗ് സമ്പ്രദായത്തിന് കീഴിൽ വരും. നിർബന്ധിത രജിസ്ട്രേഷനുള്ള സമയപരിധിയിൽ ഇളവ് നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വിസമ്മതിച്ചു.
ക്ലാസ് എ-ലോ റിസ്ക്, ക്ലാസ് ബി-ലോ റിസ്ക് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കളിൽ നിന്നും അവരുടെ അസോസിയേഷനുകളിൽ നിന്നും നിരവധി നിവേദനങ്ങൾ സർക്കാരിന് ലഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞയാഴ്ച നടന്ന അവലോകന യോഗത്തിൽ, സമയപരിധി നീട്ടിവയ്ക്കില്ലെന്ന് വ്യക്തമാക്കിയ മാണ്ഡവ്യ എല്ലാ നിർമ്മാതാക്കളോടും നിശ്ചിത സമയപരിധിക്കുള്ളിൽ അവരുടെ മെഡിക്കൽ ഉപകരണങ്ങൾ രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിച്ചു.