പാലക്കാട്: ഗുരുവായൂരിൽ തെരുവ് നായയുടെ ശരീരത്തിൽ വെടിയുണ്ട കണ്ടെത്തി. പെരുന്തട്ട ക്ഷേത്രത്തിന് മുന്നിൽ വാഹനമിടിച്ച് അവശനിലയിലായ തെരുവ് നായയുടെ കാലിലാണ് വെടിയുണ്ട കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് തെരുവ് നായയെ വാഹനമിടിച്ചത്. റോഡിൽ നിന്ന് ഇഴഞ്ഞുനീങ്ങി പെരുന്തട്ട ക്ഷേത്രപരിസരത്തെത്തി മരണത്തോട് മല്ലിടുകയായിരുന്ന നായയെ മൃഗസ്നേഹിയായ പ്രദീപ് പയ്യൂർ ഏറ്റെടുക്കുകയായിരുന്നു. വ്യാഴാഴ്ച പ്രദീപ് മൂന്ന് നായ്ക്കളെയാണ് തെരുവിൽ നിന്ന് രക്ഷപ്പെടുത്തിയത്. പാലക്കാട് നിന്ന് കണ്ടെത്തിയ നായയുടെ ശരീരത്തിലും വെടിയുണ്ട ഉണ്ടായിരുന്നതായി പ്രദീപ് പറഞ്ഞു. ആലപ്പുഴയിലും കരുനാഗപ്പള്ളിയിലും കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായ്ക്കളിൽ വെടിയുണ്ടകൾ കണ്ടെത്തിയതായി പരാതിയുണ്ട്.
വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസിയുടെ സ്ഥാപകൻ വിവേക് കെ വിശ്വനാഥ് ഇതുസംബന്ധിച്ച് ആലപ്പുഴ കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നടപടിയിൽ തൃപ്തനല്ലാത്തതിനാൽ എൻ.ഐ.എയ്ക്ക് പരാതി നൽകുമെന്ന് വിവേക് പറഞ്ഞു. നായ്ക്കളിൽ നിന്ന് കണ്ടെത്തിയ എല്ലാ വെടിയുണ്ടകളും എയർ ഗണ്ണിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവം തീവ്രവാദ പരിശീലന പരിപാടിയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി പരാതിയിൽ പറയുന്നു.
വെള്ളിയാഴ്ച മണ്ണുത്തി വെറ്ററിനറി കോളേജിൽ എത്തിച്ച് എക്സ്റേയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഗുരുവായൂരിൽ വാഹനമിടിച്ച നായയുടെ ശരീരത്തിൽ വെടിയുണ്ട കണ്ടെത്തിയത്. നട്ടെല്ലിനെ സ്പർശിച്ച രണ്ട് വെടിയുണ്ടകളുണ്ടായിരുന്നു. ഈ വെടിയുണ്ടകൾ നീക്കം ചെയ്താൽ നായ ചത്തേക്കാമെന്ന ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രദീപിന്റെ ഉടമസ്ഥതയിലുള്ള പാലക്കാട്ടെ സനാതന അനിമൽ ആശ്രമത്തിലേക്ക് നായയെ മാറ്റിയത്.