ജിദ്ദ: സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ സ്വദേശിവത്ക്കരണ പ്രതിബദ്ധത 95 ശതമാനമായി വർദ്ധിച്ചതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ റിപ്പോർട്ട്. തൊഴിലുകളുടെ സ്വദേശിവത്ക്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന നിയമം പാലിക്കുന്നതിൽ സ്ഥാപനങ്ങൾ പുലർത്തുന്ന കർശന നിലപാടാണ് ഇത് സൂചിപ്പിക്കുന്നത്. മിക്ക സ്ഥാപനങ്ങളും നിയമം പാലിക്കുന്നതിൽ കൃത്യത പുലർത്തുന്നുണ്ടെന്നും പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. സ്വദേശിവൽക്കരണ തീരുമാനങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം നടത്തിയ തുടർച്ചയായ പരിശോധനകളുടെ ഭാഗമായാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
2021 ൽ മന്ത്രാലയത്തിന് കീഴിലുള്ള ടീമുകൾ ഇത്തരം പരിശോധനകൾക്കായി രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും 10 ലക്ഷത്തിലധികം സന്ദർശനങ്ങൾ നടത്തി. ഫീൽഡ് മോണിറ്ററിംഗ് ഇൻഡിക്കേറ്ററുകൾ കാണിക്കുന്നത്, സന്ദർശിച്ച സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണ അനുവർത്തന നിരക്ക് 95 ശതമാനത്തിലെത്തി എന്നാണ്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽ നിരീക്ഷകരുടെ എണ്ണം 1,058 ആയി. ഇതിൽ 806 പേർ ഫീൽഡ് നിരീക്ഷകരും 95 പേർ പ്രത്യേക ദൗത്യ നിരീക്ഷകരും 257 പേർ ഓഫീസ് നിരീക്ഷകരുമാണ്.
രാജ്യത്തെ പൗരൻമാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വ്യക്തവും തന്ത്രപ്രധാനവുമായ പദ്ധതികളിലൂടെ തൊഴിൽ വിപണിയിൽ സ്വദേശിവത്ക്കരണ പ്രക്രിയ ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങൾ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിൽ നടന്നുവരികയാണ്. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സ്ഥിരതയെ പിന്തുണയ്ക്കുന്ന നിതാഖത്ത് ഡെവലപ്പർ പ്രോഗ്രാം മന്ത്രാലയം അടുത്തിടെ ആരംഭിച്ചിരുന്നു. ഇത് 2024 വരെ 3,40,000 ലധികം ആളുകൾക്ക് തൊഴിൽ നൽകാൻ സഹായിക്കും.