കോഴിക്കോട്: രണ്ട് ദിവസമായി കോഴിക്കോട് നടന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിൽ ഉണ്ടായ ചിന്തകൾ ഇടത് വിരുദ്ധമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിയാസ് ചിന്തൻ ശിബിരത്തെ വിമർശിച്ചത്. എൽഡിഎഫ് സർക്കാർ തീവ്ര വലതുപക്ഷ സർക്കാരായി മാറുന്നു എന്നത് അസംബന്ധമാണ്. ശിബിരം ചിന്തകൾ കണ്ടെത്തിയ കേരളത്തിലെ കോൺഗ്രസ് നേരിടുന്ന പ്രശ്നം ഇതാണോയെന്നും അദ്ദേഹം ചോദിച്ചു. കേരള ചരിത്രത്തിലാദ്യമായി കോൺഗ്രസ് പ്രതിപക്ഷ പാർട്ടിയായി മാറിയതിന്റെ ഭാഗമായി ഉയർന്നുവന്ന അന്ധമായ ഇടത് വിരോധം സംഘപരിവാർ രാഷ്ട്രീയത്തെ സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അന്ധമായ ഇടതുപക്ഷ വിരോധം, അനിയന്ത്രിതമായ അധികാര വടംവലി, തുടർച്ചയായ പ്രതിപക്ഷം സൃഷ്ടിച്ച നിരാശ. ഈ ചിന്തകളാണ് ഇന്ന് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നത്. അതിനാൽ, ചിന്തൻ ശിബിരം, അധികാര വിശപ്പുള്ള ചിന്തകളുടെ ഒരു ക്യാമ്പായി മാത്രമാണ് അവസാനിച്ചതെന്ന് റിയാസ് പറയുന്നു.