പാലക്കാട്: പാലക്കാട് മങ്കര ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയുടെ കാലിൽ പാമ്പ് ചുറ്റി. ക്ലാസ് മുറിയിൽ വെച്ചാണ് നാലാം ക്ലാസ് വിദ്യാർത്ഥിയുടെ കാലിൽ പാമ്പ് ചുറ്റിയത്. പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പു. എന്നാൽ പരിശോധനയിൽ കുട്ടിക്ക് പാമ്പ് കടിയേറ്റിട്ടില്ലെന്ന് കണ്ടെത്തി.
കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്കൂൾ പരിസരം കാടുമൂടിയതിനാലാണ് പാമ്പ് ക്ലാസ് മുറിയിൽ എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. ഇതേതുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി സ്കൂളിലെത്തി. സ്കൂൾ പരിസരം അണുവിമുക്തമാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
ഇന്ന് രാവിലെ 9.30 ഓടെയാണ് കുട്ടി സ്കൂളിലെത്തിയത്. അതിനുശേഷം കുട്ടി അറിയാതെ പാമ്പിന്റെ ദേഹത്ത് ചവിട്ടി. പാമ്പ് കുട്ടിയുടെ ശരീരത്തിൽ ചുറ്റിപ്പിടിച്ചു. ഇതോടെ കുട്ടി ഉറക്കെ കരയുകയും ചാടുകയും പാമ്പ് ശരീരത്തിൽ നിന്ന് തെന്നിമാറുകയും ചെയ്തു. കരച്ചിൽ കേട്ട് ഓടിയെത്തിയ അധ്യാപകരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പാമ്പ് കടിയേറ്റിട്ടില്ലെന്ന് കണ്ടെത്തി. എന്നാൽ കുട്ടി നിരീക്ഷണത്തിലാണ്.