രൺബീർ കപൂർ നായകനായ ഷംഷേരയുടെ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ സാമ്രാട്ട് പൃഥ്വിരാജിനേക്കാൾ കുറവ്. റിലീസ് ചെയ്ത ശേഷം 10 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നേടിയത്. 150 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം എന്ന നിലയിൽ ഇത് മോശം കളക്ഷൻ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ 2022 ലെ പരാജയ ചിത്രമായ സാമ്രാട്ട് പൃഥ്വിരാജ് ആദ്യ ദിനം നേടിയത് 10.7 കോടി രൂപയാണ്.
ബോക്സ് ഓഫീസ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് ചിത്രം മുംബൈയിൽ നിന്നു കുറഞ്ഞ കളക്ഷൻ ആണ് നേടിയത്. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം 4000 ലധികം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഷംസീറ.
ആളുകൾ തിയേറ്ററുകളിൽ എത്താത്തതിനെ തുടർന്ന് ചിത്രത്തിന്റെ ചില ഷോകൾ റദ്ദാക്കിയതായി ഫിലിം ട്രേഡ് അനലിസ്റ്റ് കോമൾ നെഹ്ത പറഞ്ഞു. “വലിയ ചിത്രമായ ‘ഷംഷേര’യുടെ ഓപ്പണിംഗ് കളക്ഷൻ വളരെ കുറവാണ്. ഒരിക്കൽ കൂടി ഒരു വലിയ സിനിമ, അതേ കഥ വീണ്ടും വീണ്ടും തുടരുന്നു. ഷംഷേരയുടെ പ്രഭാത, ഉച്ചതിരിഞ്ഞുള്ള ഷോകൾ കാണാൻ ആളില്ലാത്തതിനാൽ ചില തിയേറ്ററുകൾ റദ്ദാക്കിയിട്ടുണ്ട്,” നേഹ ട്വീറ്റ് ചെയ്തു.