പനജി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള വടക്കൻ ഗോവയിലെ റസ്റ്ററന്റിന് മദ്യ ലൈസൻസ് ലഭിച്ചത് അനധികൃതമാണെന്ന പേരിൽ വിവാദം പുകയുന്നു. മരിച്ചയാളുടെ പേരിലാണ് ലൈസൻസ് പുതുക്കിയതെന്നാണ് ആരോപണം. ഇതേതുടർന്ന് ഗോവ എക്സൈസ് കമ്മീഷണർ നാരായൺ എം. ഗാഡ് ലൈസൻസ് റദ്ദാക്കാൻ പാടില്ല എങ്കിൽ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. സ്മൃതി ഇറാനിയുടെ മകൾ സോയേഷ് ഇറാനിയുടെ ആഡംബര റെസ്റ്റോറന്റായ സില്ലി സോൾസ് കഫെ ആൻഡ് ബാർ ഗോവയിലെ അസൻഗൗവിലാണ് സ്ഥിതി ചെയ്യുന്നത്. ബാറിന്റെ ലൈസൻസ് വ്യാജ രേഖകൾ നൽകി ഉടമകൾ ഏറ്റെടുത്തെന്ന അഭിഭാഷകൻ ഐറിസ് റോഡ്രിഗസ് നൽകിയ പരാതിയിൽ ജൂലൈ 21 നാണ് എക്സൈസ് കമ്മീഷണർ നോട്ടീസ് അയച്ചത്. കേസ് ജൂലൈ 29ന് കോടതി പരിഗണിക്കും. കഴിഞ്ഞ മാസമാണ് ലൈസൻസ് പുതുക്കിയത്. ലൈസൻസിന്റെ ഉടമ ആന്റണി ഡി ഗാമ 2021 മെയ് 17ന് അന്തരിച്ചു. ദിഗമയുടെ ആധാർ കാർഡിലെ വിവരങ്ങൾ അനുസരിച്ച് ഇയാൾ മുംബൈയിലെ വിലെ പാർലെ സ്വദേശിയാണ്. മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് റോഡ്രിഗസിന് മരണ സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്.