തിരുവനന്തപുരം: സി.പി.ഐ തിരുത്തൽ ശക്തിയായി തുടരുമെന്ന് കാനം രാജേന്ദ്രൻ. എൽ.ഡി.എഫ് ഉയർത്തിയ രാഷ്ട്രീയ നിലപാടിൽ മാറ്റമുണ്ടായപ്പോൾ സി.പി.ഐ തിരുത്തി. മുന്നണിയുടെ നേട്ടങ്ങളും ദോഷങ്ങളും വീതിച്ചെടുക്കണം. സുഖദുഃഖങ്ങളും അതിന്റെ ഭാഗമായി ഉണ്ടാകുന്ന കാര്യങ്ങളും കക്ഷികൾക്ക് അവകാശപ്പെട്ടതാണെന്നും നേട്ടങ്ങൾ വരുമ്പോൾ കൈനീട്ടുകയും കോട്ടം വരുമ്പോൾ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേതെന്നും കാനം പറഞ്ഞു. തിരുവനന്തപുരത്ത് സിപിഐ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.
സി.പി.ഐ കേരളത്തിൽ വളരുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ കാനം പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാനുള്ള പാർട്ടിയുടെ കഴിവ് വർദ്ധിച്ചുവെന്നും പൊതുരംഗത്ത് പാർട്ടിയുടെ സാന്നിധ്യം വർധിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു.
പാർട്ടി പ്രവർത്തകർ അവരുടെ രാഷ്ട്രീയ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തണം. ഒരു രാഷ്ട്രീയ പ്രവർത്തകൻ ഒരു സാമൂഹിക പ്രവർത്തകനായിരിക്കണം. കോൺഗ്രസ് – ബി.ജെ.പി അതിർവരമ്പ് കൂടുതൽ ദുർബലമാവുകയാണ്. മതേതര ആദർശങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.