പാക്കിസ്ഥാൻ : കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് പാക്കിസ്ഥാൻ രൂപയുടെ മൂല്യം. ഇതോടെ, വിദേശ കടം വീട്ടാൻ കഴിയാത്തതിനാൽ ശ്രീലങ്കയ്ക്ക് പിന്നാലെ പാക്കിസ്ഥാനും തകരുമെന്ന ആശങ്കയിലാണ് രാജ്യം. നിലവിൽ ഒരു ഡോളറിന് 228 എന്ന നിലയിലാണ് പാക്കിസ്ഥാൻ രൂപയുടെ മൂല്യം. 1998 ഒക്ടോബറിനു ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാൻ രൂപയുടെ മൂല്യം ഇത്രയും താഴ്ന്ന നിലവാരത്തിലെത്തുന്നത്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 1.2 ബില്യൺ യുഎസ് ഡോളർ വായ്പ അനുവദിച്ചിട്ടുണ്ടെങ്കിലും, രൂപയുടെ പുതിയ നില രാജ്യത്തെ വായ്പാ തിരിച്ചടവ് പ്രതിസന്ധി നേരിടാൻ ഇത് പര്യാപ്തമല്ലെന്ന് കാണിക്കുന്നു. ഇത് 22-ാം തവണയാണ് ഐഎംഎഫ് പാക്കിസ്ഥാന് വായ്പ അനുവദിക്കുന്നത്.
വിദേശ കടം തിരിച്ചടയ്ക്കുന്നതിലെ പ്രതിസന്ധി ശ്രീലങ്കയെ തകർത്തു. അന്നത്തെ പ്രസിഡന്റ് ഗോതബയ രാജപക്സെയ്ക്ക് പലായനം ചെയ്യേണ്ടിവന്നു. ഇതാണ് പാക്കിസ്ഥാനും അഭിമുഖീകരിക്കുന്നത്. ഭക്ഷണവും ഇന്ധനവും ഉൾപ്പെടെയുള്ള അടിസ്ഥാന വസ്തുക്കൾ പോലും ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യ ശേഖരം പാക്കിസ്ഥാന്റെ പക്കലില്ല. സ്ഥിതിഗതികൾ അങ്ങേയറ്റം സങ്കീർണമാകുമ്പോൾ വലിയ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയേക്കും.
ശ്രീലങ്കയ്ക്ക് സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയിട്ടും, അത്തരം പ്രതിഷേധങ്ങളും മറ്റും ഒഴിവാക്കാൻ പാക്കിസ്ഥാന് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഷഹബാസ് ഷെരീഫിന്റെ സർക്കാരിന് രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധിയെ എത്രകാലം അതിജീവിക്കാൻ കഴിയുമെന്ന് കണ്ടറിയണം. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ, അവിടെ നിന്നുള്ള തീവ്രവാദ ഭീഷണി, ഇമ്രാൻ ഖാന്റെ ഭരണത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദേശനാണ്യ കരുതൽ ശേഖരത്തിലെ വലിയ കുറവ് എന്നിവ പാക്കിസ്ഥാനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇപ്പോൾ അടുത്ത സുഹൃത്തായ ചൈന പോലും കടം കൊടുക്കാനല്ലാതെ കടക്കെണിയിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുന്നില്ല.