പാലക്കാട്: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്നതിന് മർദ്ദിച്ചെന്ന പരാതിയിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. കരിമ്പ സ്വദേശി സിദ്ദീഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് കരിമ്പ ഹൈസ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അജ്ഞാതരായ അഞ്ച് പേർക്കെതിരെ വിദ്യാർത്ഥികൾ കല്ലടിക്കോട് പൊലീസിൽ പരാതി നൽകിയിരുന്നു.
സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ബസ് സ്റ്റോപ്പിൽ ഒരുമിച്ചിരുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും നാട്ടുകാരാണെന്ന് അവകാശപ്പെടുന്ന യുവാക്കൾ ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ പെൺകുട്ടികളെ തടയുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹപാഠികളായ അഞ്ച് ആൺകുട്ടികളാണ് ഇത് ചോദ്യം ചെയ്തത്. തുടർന്ന് ഇവർക്ക് മർദ്ദനമേറ്റു.
കുട്ടികളുടെ കഴുത്തിലും നെഞ്ചിലും മർദനമേറ്റു. ആളുകൾ വരുന്നത് കണ്ട് അക്രമികൾ പിൻ വാങ്ങി. സദാചാര പൊലീസിംഗിന് വിധേയരാക്കിയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. സദാചാര പോലീസിംഗിനെ ന്യായീകരിക്കാനാവില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പറഞ്ഞു.