കാസർകോട്: കാസർകോട് വലിയപറമ്പ് നിവാസികൾ കടൽക്ഷോഭത്തിൽ വലയുകയാണ്. എല്ലാ വർഷവും കടൽക്ഷോഭമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം, അപകട സാഹചര്യം കണക്കിലെടുത്ത് തീരപ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളോട് മാറിത്താമസിക്കാൻ ഫിഷറീസ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കടൽ ഏത് നിമിഷവും പ്രക്ഷുബ്ധമായേക്കാം. ഈ വർഷവും അതെ അവസ്ഥ തന്നെ. ഉദിനൂർ മേഖലയിലാണ് കടൽക്ഷോഭം രൂക്ഷമായിട്ടുള്ളത്. തിരമാലകൾ
പല വീടുകളിലേക്കും ഇരച്ചുകയറാൻ വരെ തുടങ്ങിയിട്ടുണ്ട്.
കടൽത്തീരത്തെ തെങ്ങുകളും കാറ്റാടിമരങ്ങളും നിലംപൊത്തി. അപകടം ഒഴിവാക്കാൻ തീരത്തുള്ള കുടുംബങ്ങളോട് മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകിയെങ്കിലും ആകെയുള്ള വീട് ഉപേക്ഷിക്കാൻ ആരും തയ്യാറല്ല. കന്നുവീട് , തയ്യില്‍ സൗത്ത്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലും കടൽക്ഷോഭമുണ്ട്. കടൽക്ഷോഭത്തെ നേരിടാനായുള്ള ജിയോ ട്യൂബ്, പുലിമുട്ട് തുടങ്ങിയ പദ്ധതികൾ എല്ലാം ജനപ്രതിനിധികളുടെ വാക്കുകളിൽ ഒതുങ്ങിയിരിക്കുകയാണ്. ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് പോകാനാണ് നാട്ടുകാരുടെ തീരുമാനം.