കൊല്ലം: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് എന്നിവർ ഓഗസ്റ്റ് 3നു കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്. കോൺഗ്രസിന്റെ നിയമാവലിക്കു വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കുണ്ടറയിലെ കോൺഗ്രസിന്റെ പ്രാദേശിക നേതാവ് പൃഥ്വിരാജ് നൽകിയ ഹർജിയിലാണു മൂവരും ഹാജരാകാൻ സമൻസ് അയയ്ക്കാൻ കോടതി നിർദേശിച്ചത്.
കേസിന്റെ തീരുമാനം വരുന്നതുവരെ കെ.പി.സി.സി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ കുണ്ടറ ബ്ലോക്കിൽ നിന്നുള്ള പ്രതിനിധിയെ തീരുമാനിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പൃഥ്വിരാജ് ഉപഹർജിയും നൽകിയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച ആരോപണത്തെ തുടർന്ന് പൃഥ്വിരാജിനെ അന്നത്തെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ സസ്പെൻഡ് ചെയ്തിരുന്നു. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടു ഹർജി നൽകിയിരുന്നെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി അഡ്വ. ബോറിസ് പോൾ വഴിയാണ് മുൻസിഫ് കോടതിയെ സമീപിച്ചത്.