ലഖ്നൗ: ലഖ്നൗവിലെ ലുലു മാളിന്റെ ഉദ്ഘാടനത്തിന് ശേഷം യുപിയിൽ നിന്നുള്ളവർ ഷോപ്പിംഗ് ആഘോഷമാക്കുന്നു. ആദ്യ ദിവസം തന്നെ സന്ദർശകരുടെ വലിയ തിരക്ക് അനുഭവംപ്പെട്ടു. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാൾ കാണാൻ യുപിക്ക് പുറത്ത് നിന്നും ആളുകൾ എത്തുന്നുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ഓഫറുകള്‍ സ്വന്തമാക്കാന്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലടക്കം വന്‍ തിരക്കായിരുന്നു. ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമായിരുന്നു. മാളിലെ ഏറ്റവും വലിയ വിനോദ കേന്ദ്രമായ ഫണ്‍ടൂറയിലെ വിദേശ റൈഡുകളടക്കം പരിചയപ്പെടാന്‍ മുതിര്‍ന്നവരും കുരുന്നുകളും ഒരുപോലെയെത്തി. വൈകുന്നേരം തിരക്കായതോടെ മാളിന്റെ വിശാലമായ ഫുഡ് കോർട്ടും നിറഞ്ഞിരുന്നു.
22 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന ലുലു മാൾ ലക്നൗ വിമാനത്താവളത്തിനടുത്തുള്ള ഷഹീദ് പാതയിലാണ് സ്ഥിതി ചെയ്യുന്നത്. 11 സ്ക്രീനുകളുള്ള പിവിആറിന്റെ അത്യാധുനിക തിയേറ്ററുകളും മാളിൽ ഉടൻ തുറക്കും. ഒരു സമയം 3000 വാഹനങ്ങൾ വരെ സുരക്ഷിതമായി പാർക്ക് ചെയ്യാൻ കഴിയുന്ന പാർക്കിംഗ് ഏരിയയാണ് മാളിനെ തുടക്കം മുതൽ ജനപ്രിയമാക്കിയ മറ്റൊരു ഘടകം.