കാസർകോട്: മത്സ്യമാർക്കറ്റിൽ വഴി തടസ്സപ്പെടുത്തി മത്സ്യലേലം നടത്തുന്നതിന്റെ പേരിലുണ്ടായ തർക്കവും വാക്കേറ്റവും സംഘട്ടനത്തിൽ കലാശിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. രാവിലെ മാർക്കറ്റിലെ റോഡ് തടസ്സപ്പെടുത്തി മത്സ്യ ലേലം നടത്തുന്നതിനിടെ കുട്ടികളെ സ്കൂളിൽ കൊണ്ടു പോകുന്നതടക്കമുള്ള വാഹനങ്ങൾക്ക് തടസ്സം നേരിട്ടതോടെയാണ് സംഘർഷമുണ്ടായത്.ഉച്ചയോടെ പ്രശ്നം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാസർകോട് ടൗൺ എസ്.ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ആക്രമിച്ചതോടെ പൊലീസ് ലാത്തിവീശി വിരട്ടിയോടിച്ചു. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ആലംപാടിയിലെ കെ.എം. ജുനൈദ് (23), പട്ട്ള ബാരിക്കാട്ടെ മുഹമ്മദ് നവാസ് (24) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. നേരത്തെ, നഗരസഭയും പൊലീസും ഇടപെട്ട് റോഡരികിലെ മത്സ്യ വിൽപ്പനയും ലേലവും മത്സ്യ മാർക്കറ്റിലേക്ക് മാറ്റിയിരുന്നു. എന്നിട്ടും പ്രശ്നം പരിഹരിക്കാത്തതാണ് സംഘട്ടനത്തിൽ കലാശിച്ചത്.