കൊച്ചി:സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് യുവനടന് ഷെയ്ന് നിഗം. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും നിര്‍മ്മാതാക്കളെ മുഴുവന്‍ താന്‍ അപമാനിക്കുന്ന രീതിയിലാണ് പ്രസ്താവന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ഷെയ്ന് നിഗം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയില്‍ വച്ച് മാധ്യമങ്ങളോടാണ് ഷെയ്നില് നിന്നും വിവാദപരാമര്‍ശമുണ്ടായത്. നിര്‍മ്മാതാക്കള്‍ക്ക് ഷെയ്നിന്റെ പ്രവൃത്തി മൂലം മനോവിഷമുണ്ടായോ എന്ന ചോദ്യത്തിനാണ് നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നറിയില്ലെന്ന് ഷെയ്ന് നിഗം പറഞ്ഞത്.
ഷെയ്നിന്റെ വിവാദ പ്രസ്താവന പുറത്തു വന്നതോടെ ഷെയ്നിന് നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിപ്പിക്കാന്‍ താരസംഘടനയായ അമ്മയും ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ അനിശ്ചിതാവസ്ഥയിലായി. പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഒരുവിധം വഴി തെളിഞ്ഞ ഘട്ടത്തിലാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയ്ന്റെ മനോരോഗി പരാമര്‍ശം ഉണ്ടായത്. ഇതോടെ ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ അമ്മയും തീരുമാനിക്കുകയായിരുന്നു.