ധോണിയെ ദേശീയ ടീം ഉപദേഷ്ടാവ് ആക്കിയതിനെതിരെ ബി സി സി ഐക്ക് പരാതി, തീരുമാനം പിൻവലിക്കാൻ ബോർഡിനു മേൽ സമ്മർദം
മുംബയ്: ഇന്ത്യയുടെ മുൻ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിയെ ഐ സി സി ലോകകപ്പിനുള്ള ദേശീയ ടീമിന്റെ ഉപദേഷ്ടാവാക്കിയ നടപടിക്കെതിരെ ബി സി സി ഐക്ക് പരാതി. മുൻ മദ്ധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗം സഞ്ജീവ് ഗുപ്തയാണ് ബി സി സി ഐക്ക് പരാതി നൽകിയിരിക്കുന്നത്. ഇതിനു മുമ്പും ഇത്തരം നിയമനങ്ങളിൽ ചട്ടലംഘനവും ഇരട്ട പദവിയും ആരോപിച്ച് നിരവധി പരാതികൾ അയച്ച് ശ്രദ്ധ നേടിയ വ്യക്തിയാണ് സഞ്ജീവ് ഗുപ്ത.നിലവിൽ ഒരു ഐ പി എൽ ടീമിന്റെ ക്യാപ്ടൻ ആയി പ്രവർത്തിക്കുന്ന ധോണിയെ ദേശീയ ടീമിന്റെ ഉപദേഷ്ടാവ് ആക്കുന്നത് നിക്ഷിപ്ത താത്പര്യങ്ങൾക്ക് കാരണമായേക്കുമെന്ന് ബി സി സി ഐക്ക് അയച്ച കത്തിൽ സഞ്ജീവ് ഗുപ്ത ആരോപിക്കുന്നു. കളിയിൽ നിന്നും വിരമിച്ച നിരവധി ക്രിക്കറ്റർമാരുള്ള ഇന്ത്യയിൽ എന്തിനാണ് ധോണിയെ ഉപദേഷ്ടാവ് ആക്കുന്നതെന്ന് സഞ്ജീവ് ചോദിക്കുന്നു. ധോണിയുടെ ഐ പി എൽ ടീമിൽ കളിക്കുന്ന നിരവധി താരങ്ങൾ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലുണ്ടെന്നും ധോണി ടീം ഉപദേഷ്ടാവ് ആയാൽ ഇത്തരക്കാർക്ക് അനർഹമായ അവസരങ്ങൾ ലഭിക്കാൻ സാദ്ധ്യതയുള്ളതായും പരാതിയിൽ പറയുന്നു.ഐ പി എൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്ടനാണ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ. നിന്നും വിരമിച്ച ധോണി ഐ പി എല്ലിൽ നിന്നും ഇതുവരെയായും വിരമിക്കൽ പ്രഖ്യാപനം നടത്തിയിട്ടില്ല.