ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നടന് ദിലീപിനു ലഭിക്കില്ല. പക്ഷേ ദൃശ്യങ്ങള്‍ കാണാന്‍ സുപ്രീം കോടതി അനുമതി നല്കി. ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ദിലീപിന്റെ ഹരജിയില്‍ വെള്ളിയാഴ്ച രാവിലെ വിധി പ്രസ്താവിച്ചത്.ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്കോ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നാണു കോടതി വിധിച്ചത്.
പ്രോസിക്യൂഷന്റെ കൈയിലുള്ള മെമ്മറി കാര്‍ഡിലെ ഉള്ളടക്കം ലഭിക്കാനായാണ് ദിലീപ് ഹരജി സമര്‍പ്പിച്ചത്. ഈയാവശ്യത്തെ സംസ്ഥാന സര്‍ക്കാരും നടിയും കോടതിയില്‍ എതിര്‍ത്തു.മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെങ്കിലും ഉള്ളടക്കം രേഖയാണെന്നും അതിനാല്‍ അത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു.
വാട്ടര്‍മാര്‍ക്കിട്ടാണെങ്കിലും ദൃശ്യങ്ങള്‍ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. മെമ്മറി കാര്‍ഡിലെ ഉള്ളടക്കം രേഖയാണെങ്കിലും ദൃശ്യങ്ങള്‍ നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഇതിന് പുറമെ ഹരജിയെ എതിര്‍ത്ത് നടിയും കോടതിയെ സമീപിച്ചിരുന്നു.കാര്‍ഡിലെ ഉള്ളടക്കം അനുവദിക്കുന്നത് തന്റെ സ്വകാര്യതക്ക് മേലുള്ള കൈയേറ്റമാണെന്ന് കാണിച്ചാണ് നടി കോടതിയെ സമീപിച്ചിരുന്നത്. പ്രതിയെന്ന നിലയില്‍ ദൃശ്യങ്ങള്‍ കാണണമെങ്കില്‍ വിചാരണക്കോടതിയുടെ അനുമതിയോടെ കാണാവുന്നതേയുള്ളൂവെന്നും നടി രേഖാമൂലം കോടതിയെ അറിയിച്ചിരുന്നു….