ഇന്ത്യന്‍ മുസ് ലിം അക്കാദമിയയുടെ പഠന റിപ്പോര്‍ട്ട് പുറത്ത്
മുസ്ലിം ലീഗിൻ്റെ വോട്ടുവിഹിതത്തില്‍ വന്‍ ചോർച്ച;
കോഴിക്കോട്: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ് ലിം ലീഗിന്റെ വോട്ടുവിഹിതത്തില്‍ വന്‍ ഇടിവെന്ന് പഠന റിപോര്‍ട്ട്. ലീഗ് അനുഭാവികളുടെ ബൗദ്ധിക കൂട്ടായ്മയായ ഇന്ത്യന്‍ മുസ് ലിം അക്കാദമിയ(ഐഎംഎ) തയ്യാറാക്കിയ പഠനറിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ‘കേരള നിയമസഭ: മുസ് ലിം ലീഗ്’ പ്രകടനം എന്ന പേരിലുള്ള കൈപുസ്തകത്തിന്റെ പൂര്‍ണരൂപം മാധ്യമങ്ങൾക്ക് ലഭിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ(2011-2021) കേരളത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെ ഭാഗമായി മല്‍സരിച്ച മുസ് ലിം ലീഗ് പാര്‍ട്ടിക്ക് ലഭിച്ച വോട്ട് വിഹിത വ്യത്യാസത്തില്‍ വന്‍ കുറവുണ്ടായെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖകള്‍ ഉദ്ധരിച്ച് ഐഎംഎ പഠന റിപോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. സാധാരണക്കാര്‍ക്കു പോലും എളുപ്പത്തില്‍ മനസ്സിലാവുന്ന വിധത്തില്‍ മൂന്നു തിരഞ്ഞെടുപ്പുകളിലും ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുനില ഗ്രാഫ് രൂപത്തിലാക്കിയാണ് അവതരിപ്പിച്ചിട്ടുള്ളത്. മുസ് ലിം ലീഗ് മല്‍സരിച്ച സീറ്റുകളുടെ എണ്ണവും വോട്ടുവിഹിതത്തിന്റെ ശതമാനക്കണക്കും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലീഗ് അനുകൂല സുന്നി വിഭാഗമായ സമസ്തയ്ക്കു കീഴിലുള്ള ചെമ്മാട് ദാറുല്‍ ഹുദയില്‍ നിന്ന് ഹുദവി ബിരുദവും ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ സര്വലകലാശാലയില് മീഡിയ സ്റ്റഡീസില്‍ ഗവേഷക വിദ്യാര്‍ഥിയുമായ നൗഷാദ് തൂമ്പത്ത്, ദാറുല്‍ ഹുദയില്‍ നിന്ന് ഹുദവി ബിരുദവും മുംബൈയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോപുലേഷന്‍ സ്റ്റഡീസില്‍ ഗവേഷക വിദ്യാര്‍ഥിയുമായ പി അഫ്സലും ചേര്‍ന്നാണ് റിപോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.