മേലാങ്കോട്ട് ചിപ്കോ :ആവാസവ്യവസ്ഥയെ വീണ്ടെടുക്കാന്‍ മേലാങ്കോട്ടെ അഞ്ഞൂറു വീടുകളില്‍ പരിസ്ഥിതി പ്രതിജ്ഞ
കാഞ്ഞങ്ങാട് : മണ്ണും വായുവും ജലവും മലിനമാക്കാതെ ആവാസവ്യവസ്ഥയെ വീണ്ടെടുക്കാൻ മേലാങ്കോട്ടെ അഞ്ഞൂറു വീടുകളിൽ പരിസ്ഥിതി പ്രതിജ്ഞ. ലോക പരിസര ദിനാചരണത്തിൻ്റെ ഭാഗമായി മേലാങ്കോട്ട് എ.സി.കണ്ണൻ നായർ ഗവ.യു.പി.സ്കൂളിൽ ജൂൺ 1 തൊട്ട് 9 വരെ നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമായാണ് ചിപ്കോ പ്രസ്ഥാനത്തിൻ്റെ നായകനായ സുന്ദർലാൽ ബഹുഗുണയ്ക്ക് പ്രണാമമർപ്പിച്ച് മരങ്ങളെ ചേർത്തു പിടിച്ച് കുട്ടികൾ പ്രതിജ്ഞ എടുക്കുന്നത്. സസ്യങ്ങൾ, മൃഗങ്ങൾ, മറ്റ് ജീവികൾ എന്നിവയോടൊപ്പം ജീവനില്ലാത്ത ഘടകങ്ങളും ഇഴചേർന്ന് കഴിയുന്ന ആവാസവ്യസ്ഥകളായ വനങ്ങൾ, കൃഷിസ്ഥലങ്ങൾ, നദികൾ, തോടുകൾ, കുളങ്ങൾ, വയലുകൾ, പർവതങ്ങൾ, ചുള്ളിക്കാടുകൾ, പുൽമേടുകൾ തുടങ്ങിയ ആവാസവ്യവസ്ഥകളെക്കുറിച്ചുള്ള പഠനവും പരിസര ദിനാചരണത്തിൻ്റെ ഭാഗമായി അവർ ഏറ്റെടുത്തു.
മേലാങ്കോട്ട് ആകാശവാണിയുടെയും സ്കൂൾ ഇക്കോ ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ നടന്നു വരുന്ന പരി പാടികളിൽ ഡോ.ഇ.ഉണ്ണികൃഷ്ണൻ, പ്രഫ.എം.ഗോപാലൻ ,പി മുരളി മാസ്റ്റർ,എം.രമേശൻ, വി.സി.ബാലകൃഷ്ണൻ, കെ.രേണുക എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. പരിസ്ഥിതി ഗീതങ്ങൾ, പോസ്റ്റർ നിർമ്മാണം ,ലഘു നാടകങ്ങൾ, ദൃശ്യ ഗീതങ്ങൾ എന്നിവയും കുട്ടികൾ വീടുകളിൽ ചെയ്ത് സ്കൂൾ ഗ്രൂപ്പുകളിലേക്ക് ഫോട്ടോകളും വീഡിയോകളും അയച്ചു കൊടുക്കും. മികച്ച വീഡിയോവിനും ഫോട്ടോയ്ക്കും സമ്മാനവുമുണ്ട്.
ഫോട്ടോ: ലോക പരിസരദിനാചരണത്തിൻ്റെ ഭാഗമായി മേലാങ്കോട്ട് എ.സി.കണ്ണൻ നായർ ഗവ.യു.പി.സ്കൂൾ വിദ്യാർഥികളായ അക്ഷയ കൃഷ്ണ, ഗോകുൽ കൃഷ്ണ, കൃതിക, ആദ്യ.എസ് എന്നിവർ തങ്ങളുടെ മണ്ണടിയിലുള്ള വീട്ടുപറമ്പിലെ മരങ്ങളെ ചേർത്തു നിർത്തി പ്രതിജ്ഞ ചൊല്ലുന്നു.