പാലക്കാട്: അഗളിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെടെ മുന്ന് മാവോയിസ്റ്റുകളെന്ന് റിപ്പോര്‍ട്ട്. ചിക്കമംഗളൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മഞ്ചക്കണ്ടി ആദിവാസി ഊരിന് സമീപം ഭവാനിദളത്തില്‍ ഉള്‍പ്പെട്ട മാവോയിസ്റ്റുകള്‍ ക്യാമ്ബ് ചെയ്യുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തണ്ടര്‍ബോള്‍ട്ട് സംഘം തിങ്കളാഴ്ച രാവിലെ തിരച്ചില്‍ നടത്തിയത്.
തിരച്ചിലിനിടെ മാവോയിസ്റ്റുകള്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് പ്രത്യാക്രമണം നടത്തുകയായിരുന്നു. വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് രണ്ട് സംഘങ്ങളായി തിരിഞ്ഞ് തണ്ടര്‍ ബോള്‍ട്ട് തിരച്ചില്‍ നടത്തുകയായിരുന്നു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് അവശേഷിക്കുന്ന മാവോയിസ്റ്റ് സംഘം ചിതറിയോടിയിരിക്കാമെന്നാണ് പോലീസ് നിഗമനം. എ.കെ 47 തോക്കുകളും ഭക്ഷ്യവസ്തുക്കളും മാവോയിസ്റ്റ് ഒളിത്താവളത്തില്‍ നിന്ന് കണ്ടെത്തി. ആയുധധാരികളായ രണ്ട് മാവോയിസ്റ്റുകള്‍ രക്ഷപെട്ടു.
മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി റവന്യു പോലീസ് അധികൃതര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റിന് ശേഷം നാളെ തൃശുര് മെഡിക്കല്‍ കോളജിലേക്കോ, പാലക്കാട് ജില്ലാ ആശുപത്രിയിലേക്കോ മൃതദേഹങ്ങള്‍ മാറ്റും. സമീപകാലത്ത് നടന്ന മുന്നാമത്തെ മാവോയിസ്റ്റ് ഏറ്റുമുട്ടലാണ് അഗളിയിലേത്. നേരത്തെ കരുളായിയിലും വയനാട്ടിലെ ഉപവന്‍ റിസോര്‍ട്ടിന് സമീപത്തും നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു