മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു , ഇ ഡി യെ വെട്ടിലാക്കി വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി വാഗ്ദാനം നല്‍കിയതായി വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി. ഇ.ഡി കസ്റ്റഡിയിലിരുന്നപ്പോള്‍ സ്വപ്നയുടെ എസ്കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ റെജിമോളുടെ മൊഴിയാണ് പുറത്തുവന്നത്. സ്വപ്നയുടെ ശബ്ദരേഖ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് റെജിമോള്‍ മൊഴി നല്‍കിയത്.
ഓഗസ്റ്റ് 13ന് രാത്രി വളരെ വൈകി സ്വപ്നയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ വലിയ സമ്മര്‍ദ്ദം ഇഡി ഉദ്യോഗസ്ഥര്‍ ചെലുത്തിയെന്നാണ് മൊഴിയില്‍ പറയുന്നത്.
ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണം ശിവശങ്കര്‍ നല്‍കിയതാണെന്നും ശിവശങ്കറിന് ഈ പണം മുഖ്യമന്ത്രി നല്‍കിയതാണെന്ന് പറയണമെന്ന് ഇഡി ഡിവൈഎസ്പി രാധാകൃഷ്ണന് ആവശ്യപ്പെട്ടതായും റെജിമോളുടെ മൊഴിയില്‍ പറയുന്നു. ഇത്തരത്തില്‍ മൊഴി നല്കിയാല് കേസില്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന വാഗ്ദാനം ഇഡി ഉദ്യോഗസ്ഥര്‍ നല്‍കിയെന്നും പ്രത്യേക അന്വേഷണ സംഘത്തിന് റെജിമോള്‍ മൊഴി നല്‍കിയിട്ടുണ്ട്.