പള്ളിക്കല്‍ സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ വനിതാ കോണ്‍സ്റ്റബിളിനെ ആക്രമിച്ചു കടന്ന കേസിലടക്കം നൂറോളം ക്രിമിനല്‍ കേസില്‍പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയന് പിടിയില്‍
തിരുവനന്തപുരം: പൊലീസിന് തലവേദനയായ നൂറോളം ക്രിമിനൽ കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിൽ. സംസ്ഥാനത്തൊട്ടാകെ കൊല കേസുൾപ്പെടെ നൂറോളം കേസിലെ പ്രതിയായ ശാർക്കര ഇലഞ്ഞിക്കോട് വീട്ടിൽ ജയനെയാണ് വർക്കല പൊലീസ് ചിറയിൻകീഴ് പണ്ടകശാല എന്ന സ്ഥലത്ത് നിന്നും പിടികൂടിയത്.
വെണ്ണിയോട് സ്വദേശിയായ ശങ്കർ എന്ന വ്യക്തിയെ തട്ടിക്കൊണ്ട് പോയി നാലര ലക്ഷം രൂപ കവർന്ന ഒൻപതംഗ സംഘത്തിലെ നേതാവാണ് ഓട്ടോ ജയൻ. ഈ കേസിന്റെ അന്വേഷണം ഉർജ്ജിതപ്പെടുത്തി പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി തിരുവനന്തപുരം റൂറൽ എസ്.പി പി.കെ മധു ഐ.പി.എസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു ഇസ്രായേൽ പൗരത്വമുള്ള ജോസ് സഹായം എന്ന വ്യക്തിയെ കൊട്ടിയത്ത് വെച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ജയൻ.
കൂടാതെ പള്ളിക്കൽ സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ചു കടന്ന കേസിലെയും പ്രതിയാണ്. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ, കിളിമാനൂർ,വർക്കല, ചിറയിൻകീഴ് തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം പിടിച്ചുപറി, കൊലപാതക ശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളിലും ജയന് പ്രതിയാണ്.
വർക്കല ഇൻസ്പെക്ടർ ദ്വിജേഷ് , എസ്.ഐമാരായ ജ്യോതിഷ് , മനീഷ് ,ബിജു ഹക്ക് , സിവിൽ പൊലീസ് ഓഫീസർമാരായ സുരാജ്, അനൂപ്, ഷിജു, സുനിൽ രാജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു