തമിഴ്നാട്ടില്‍ ശശികലയുടെ തിരിച്ചുവരവിന് കളെമാരുങ്ങിയതോടെ അണ്ണാഡിഎംകെയില്‍ ഭിന്നത രൂക്ഷം.
അണ്ണാഡിഎംകെ പിളരുമോ? മുൻമന്ത്രിയടക്കമുള്ള എംഎൽഎമാർ ശശികല ക്യാംപിൽ
ചെന്നൈ: തമിഴ്നാട്ടില്‍ ശശികലയുടെ തിരിച്ചുവരവിന് കളെമാരുങ്ങിയതോടെ അണ്ണാഡിഎംകെയില്‍ ഭിന്നത രൂക്ഷം. ശശികലയ്ക്ക് പിന്തുണ അറിയിച്ച് മുന്‍ മന്ത്രി അടക്കം ഒപിഎസ് പക്ഷത്തെ മൂന്ന് എംഎല്‍എ മാര്‍ രംഗത്തെത്തി. വിമത നീക്കങ്ങള്‍ക്ക് ശ്രമിച്ച സംസ്ഥാന ഭാരവാഹികളെ അടക്കം അണ്ണാഡിഎകെയില്‍ നിന്ന് പുറത്താക്കി. ലോക്സഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈയുമായി ചര്‍ച്ചയ്ക്ക് ശശികല പക്ഷം ശ്രമം തുടങ്ങി.
പാര്‍ട്ടി പിടിക്കാനുള്ള നീക്കങ്ങള്‍ക്കിടെ ശശിലകലയ്ക്ക് പിന്തുണ ഏറുകയാണ്. ഒപിഎസ് പക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചു. മുന്‍ മന്ത്രി എം മണിക്ണ്ഠന്‍ ഉള്‍പ്പടെ മൂന്ന് എംഎല്‍എമാര്‍ ബെംഗ്ലൂരുവില്‍ ക്യാമ്പ് ചെയ്യുകയാണ്. ശശികലയെ ജനറല്‍ സെക്രട്ടറി എന്ന് വിശേഷിപ്പിച്ച് തമിഴ്നാട്ടില്‍ ഉടനീളം പോസ്റ്റര്‍.മുതിര്‍ന്ന നേതാവും മുന്‍ ലോക്സഭ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പിദുരൈ ഒപ്പമെത്തിക്കാനുള്ള നീക്കത്തിലാണ് ശശികല. വടക്കന്‍ തമിഴ്നാട്ടില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് തമ്പിദുരൈ. കൂടുതല്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഉറപ്പാക്കാനുള്ള മാരത്തണ്‍ ചര്‍ച്ചകളിലാണ് ദിനകരന്.
മന്നാര്‍ഗുഡി കുടുംബത്തിനെതിരെ ഒപിഎസ് ധര്‍മ്മയുദ്ധം പ്രഖ്യാപിച്ച ഫെബ്രുവരി ഏഴിനാണ് ശശികല ചെന്നൈയിലേക്ക് എത്തുന്നത്. ഹൊസൂര്‍ മുതല്‍ ടി നഗറിലെ വീടുവരെ വന്‍ സ്വീകരണത്തിനാണ് ഒരുക്കം. അനുമതി ലഭിച്ചിട്ടില്ലെങ്കിലും ജയ സമാധി സന്ദര്‍ശിക്കാനുള്ള തയാറെടുപ്പിലാണ്.