കാക്കിക്കുള്ളിലും ക്രിമിനലുകൾ
സംസ്ഥാനത്ത് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ
പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായത് 667 കേസുകളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി രജിസ്റ്റര്‍ ചെയ്തത് 667 കേസുകള്‍. ഇതില്‍ 43 പേര്‍ക്കെതിരെ പൗരാവകാശം ലംഘിച്ചതിന് വകുപ്പുതല നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 552 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഏഴ് കേസുകളില്‍ പ്രതികളെ ശിക്ഷിക്കുകയും ചെയ്തു.
മനുഷ്യവകാശ ലംഘനത്തിന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇതിലൂം കൂടുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. ഭയം കാരണം ജനങ്ങള്‍ പല സംഭവങ്ങളും പുറത്ത് പറയാന്‍ വിമുഖത കാണിക്കുന്നുണ്ട്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തത്. അതേസമയം, പലപ്പോഴും സത്യസന്ധമായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ അപകീര്‍ത്തിപ്പെടുത്താനും കേസില്‍പ്പെടുത്താനും വേണ്ടി ആരോപണങ്ങള്‍ ഉന്നയിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ക്രിമിനല്‍ നടപടിക്രമത്തില്‍ വകുപ്പുകളുണ്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന കേസുകളില്‍ തെളിവ് ശേഖരണവും ഹാജരാക്കലും ദുര്‍ഘടമായ പ്രക്രിയയാണ്. പൊലീസുകാര്‍ പല കേസുകളിലും പ്രതികളാകുമ്പോള്‍ അവരെ രക്ഷിക്കാന്‍ ഉന്നത ഇടപെടലുണ്ടാകുമെന്നതാണ് മറ്റൊരുകാര്യം. ബാക്കിയുള്ളവര്‍ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുകയും ചെയ്യും. അതിനാല്‍, കുറച്ചുപേര്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. കുറ്റം ചെയ്താലും രക്ഷിക്കാന്‍ ആള്‍ക്കാരുണ്ടെന്നുള്ളതാണ് കസ്റ്റഡിയിലെടുക്കുന്ന പ്രതികളുടെ മേല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പൊലീസിന് ധൈര്യം നല്‍കുന്നത്.