ജുവലറി ഉടമയുടെ ഭാര്യയെയും മകനെയും കൊന്ന് 17 കിലോ സ്വർണം കവർന്നു;കൊള്ളക്കാരിൽ ഒരാളെ
പോലീസ് വെടിവെച്ച് കൊന്നു
ചെന്നൈ : വീട്ടിൽ അതിക്രമിച്ച് കടന്ന് 17 കിലോ സ്വർണം തട്ടിയെടുത്ത നാലംഗ അക്രമി സംഘം ജുവലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി. ജുവലറി ഉടമ ഉൾപ്പടെ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. തമിഴ്നാട്ടിലെ മയിലാടു
തുറൈയിലെ സിർക്കഴിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം.സ്ഥലത്ത് ഉടനെത്തിയ പൊലീസ് സംഘം കവർച്ചയ്ക്ക് പിന്നിലുളള ഉത്തരേന്ത്യൻ സംഘത്തിലെ ഒരാളെ വെടിവച്ച് കൊന്നു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരാൾക്കായുളള അന്വേഷണം നടക്കുകയാണ്. നഷ്ടപ്പെട്ട മുഴുവൻ സ്വർണവും പൊലീസ് കണ്ടെത്തി.സിർക്കഴി സ്വദേശിനി ഡി.ആശ (45), മകൻ ഡി.അഖിൽ(28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ജുവലറി ഉടമ ധനരാജ് (51), അഖിലിന്റെ ഭാര്യ നിഖില(23) എന്നിവരെ സിർക്കഴി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയുധങ്ങളുമായി പുലർച്ചെ 6 മണിയ്ക്ക് ധനരാജിന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ സംഘം കൊലയും കവർച്ചയും നടത്തി. വിവരമറിഞ്ഞ ഉടനെ അന്വേഷണം ആരംഭിച്ച മയിലാടുതുറൈ പൊലീസ് അടുത്തുളള എരുക്കൂർ ഗ്രാമത്തിൽ വയലിൽ ഒളിച്ചിരിക്കുകയായിരുന്ന മൂന്നുപേരെ കണ്ടെത്തി.രാജസ്ഥാൻ സ്വദേശികളായ മണിബാൽ, ആർ.മനീഷ്(23), രമേശ് പ്രകാശ്(20) എന്നിവരെയാണ് കണ്ടെത്തിയത്. ഇവരിൽ മണിബാൽ കൊല്ലപ്പെട്ടു. കർണാറാം എന്ന നാലാമന് വേണ്ടി തിരച്ചിൽ നടക്കുകയാണ്. കൊലയാളികളിൽ നിന്ന് രണ്ട് തോക്കുകളും പൊലീസ് കണ്ടെത്തി.