മുന്നാക്കസംവരണ പ്രക്ഷോഭം മുസ്ലിംസംഘടനകളോട് അകലം പാലിച്ച് എസ്.എന്‍.ഡി.പി. രൂക്ഷ വിമർശനവുമായി ക്രൈസ്തവ സഭ ലീഗ് നീക്കത്തിന് തിരിച്ചടി
ആലപ്പുഴ: മുന്നാക്കസംവരണവിഷയത്തില്‍ മുസ്ലിംസംഘടനകളുമായിച്ചേര്ന്നുള്ള സമരം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് എസ്.എന്‍.ഡി.പി.. ഇരുകൂട്ടരും മുന്നാക്കസംവരണത്തിനെതിരാണെങ്കിലും അടുത്തകാലത്തായി മുസ്ലിംലീഗ് എടുത്ത പലനിലപാടുകളോടും യോഗത്തിനു യോജിപ്പില്ല. യു.ഡി.എഫില്‍ ലീഗിനാണ് മുന്‍കൈയെന്നും യോഗം കരുതുന്നു.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. പി.എം. മുബാറക് പാഷയെ നിയമിച്ചതിനെ വെള്ളാപ്പള്ളി നടേശന് വിമര്‍ശിച്ചിരുന്നു. ഇതിനെതിരേ ലീഗ് മുഖപത്രം അതിരൂക്ഷമായാണ് പ്രതികരിച്ചത്. ‘മുസ്ലിം പേരിനോട് ഓക്കാനമോ’ എന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം. സംഘപരിവാറിന്റെ അന്ധമായ ന്യൂനപക്ഷവിരുദ്ധതയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്കുപിന്നിലെന്നായിരുന്നു ആക്ഷേപം.
യോജിച്ചുള്ള പ്രക്ഷോഭം സംബന്ധിച്ച് മുസ്ലിംസംഘടനാ നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന് ‘മാതൃഭൂമി’യോടു പറഞ്ഞു. വിവിധ മുസ്ലിം സംഘടനകള്‍ യോഗംചേരുന്നകാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിവാഹപ്രായം കൂട്ടുന്നതിലും ചില മുസ്ലിം സംഘടനകള്‍ക്ക് എതിര്‍പ്പുള്ളതായറിഞ്ഞു. അത് എസ്.എന്‍.ഡി.പി. യോഗത്തിന്റെ അജന്‍ഡയിലില്ലാത്ത വിഷയമാണ്-അദ്ദേഹം പറഞ്ഞു.
പൊതുമെറിറ്റിലെ അമ്പതുശതമാനത്തില്‍നിന്നാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് പത്തുശതമാനം സംവരണംനല്കുന്നതെങ്കില് എതിര്‍ക്കുന്നില്ല.
ആകെയുള്ളതില്‍ പത്തുശതമാനമാണെങ്കില്‍ ശക്തമായി എതിര്‍ക്കും. നിലവിലുള്ള സംവരണത്തില്‍ തൊടുന്നില്ലെങ്കില്‍ എതിര്‍ക്കേണ്ടകാര്യമില്ല. സംവരണവിഷയത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസനും നിലപാട് വ്യക്തമാക്കാത്തതില്‍ അമര്‍ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സാമ്പത്തിക സംവരണ വിഷയത്തിൽ ലീഗിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശവുമായി സീറോ മലബാര്‍ സഭവിഷയത്തില് മുസ്ലിം ലീഗിനെതിരെ ദീപികയിലെ എഡിറ്റോറിയല്‍ പേജ് ലേഖനത്തിലാണ് വിമര്‍ശനം. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം എഴുതിയ ‘സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത’ എന്ന ലേഖനത്തിലാണ് ലീഗിനെതിരെ വിമര്‍ശനമുള്ളത്.
ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27%ല്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്(ഇ.ഡബ്ല്യൂ.എസ്.) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണ്. എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നതെന്ന് കരുതാന്‍ സാധിക്കില്ല. സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണ്- ലേഖനത്തില്‍ ആരായുന്നു.
സംവരണ വിഷയത്തില്‍ വിവിധ ബി.ജെ.പി., കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളും ലേഖനം പരിശോധിക്കുന്നുണ്ട്. സംവരണത്തിനെതിരെ മുസ്ലിം ലീഗും അനുബന്ധ കക്ഷികളും നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്നും ലേഖനം വിമര്‍ശിക്കുന്നു.
പാര്‍ലമെന്റില്‍ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടന ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്തത് മുസ്ലിം ലീഗിന്റെ രണ്ടു എം.പിമാരും എ.ഐ.എം.ഐ.എമ്മിന്റെ ഒരു എം.പിയുമാണ്. ലീഗിന്റെ നിലപാടുകളില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്കു വരുന്നു എന്നുള്ളതിന്റെ വ്യക്തമായ ഒരു തെളിവായി ഇതിനെ കരുതാവുന്നതാണെന്നും ലേഖനം നിരീക്ഷിക്കുന്നു.
കോണ്‍ഗ്രസിന് ദേശീയ നിലപാടിനെ പോലും അനുകൂലിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും ലേഖനം ചോദിക്കുന്നു. വ്യത്യസ്ത നിലപാടുകള്‍ പരസ്യമായി പറയുന്ന എംഎല്‍എമാരുടെ മേല്‍ പാര്‍ട്ടിക്ക് കാര്യമായ നിയന്ത്രണമില്ലാത്തതുപോലെ തോന്നുന്നു. ഈ മുന്നണിക്ക് ഒരു പ്രകടനപത്രിക പോലും പുറത്തിറക്കാന്‍ സാധിക്കുമോ എന്ന് സംശയമുണ്ടെന്ന രൂക്ഷ വിമര്‍ശനവും ലേഖനത്തിലുണ്ട്. ജമാത്ത് ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായിപ്പോലും സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണുള്ളതെന്നും ലേഖനം പറയുന്നു.