തിരുവനന്തപുരം∙ ജോലിയുടെ ഭാഗമായുള്ള മാനസികസമ്മർദം ലഘൂകരിക്കാനാണ് സ്വപ്നയുടെ ഫ്ലാറ്റിലെ പാർട്ടികളിൽ പങ്കെടുത്തിരുന്നതെന്നു മുൻ ഐടി സെക്രട്ടറി എം.ശിവശങ്കർ എൻഐഎയോട് വെളിപ്പെടുത്തി. ജോലി കഴിഞ്ഞു പലപ്പോഴും അർധരാത്രിയോടെയാണ് ഓഫിസിൽ നിന്ന് ഇറങ്ങിയിരുന്നത്. ഇക്കാരണത്താലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്ലാറ്റ് എടുത്തത്. സ്വർണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കർ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
സ്വപ്നയുടെ ഫ്ലാറ്റിൽ സന്ദർശനം നടത്തുമ്പോൾ സ്വപ്നയുടെ ഭർത്താവും കുട്ടികളും അടുപ്പമുള്ളവരും ഉണ്ടായിരുന്നു. സ്വർണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്ന് മനസിലാക്കാൻ കഴിയാതെ പോയത് വീഴ്ചയാണെന്നും നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും ശിവശങ്കർ എൻഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞു. സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ശിവശങ്കറിന്റെ വെളിപ്പെടുത്തലുകൾ തൃപ്തികരമാണെന്നാണ് എൻഐഎ ഉദ്യോഗസ്ഥർ പറയുന്നത്. കസ്റ്റംസിനു മുൻപു നൽകിയ മൊഴികളിൽ ഉറച്ചു നിന്ന ശിവശങ്കർ എൻഐഎ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകി.
ശിവശങ്കറിനെപോലെ ഉന്നതപദവിയിലിരിക്കുന്ന ആൾ എങ്ങനെ ഇത്തരം ക്രിമിനലുകളുടെ സംഘത്തിലെത്തിയെന്ന കാര്യമാണ് മുഖ്യമായും എൻഐഎ ചോദിച്ചറിഞ്ഞത്. തന്നെ കേസിൽ കുടുക്കാൻ നീക്കം നടക്കുന്നതായി പറഞ്ഞ ശിവശങ്കർ വ്യക്തിജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഉദ്യോഗസ്ഥരോട് വിഷമത്തോടെ വെളിപ്പെടുത്തി. മദ്യപാനം അടക്കമുള്ള ശീലങ്ങൾ പ്രതികൾ മുതലെടുത്തതായാണ് ശിവശങ്കർ പറഞ്ഞത്.
ഇതുശരിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ബന്ധുവായതിനാലാണ് സ്വപ്നയുടെ ഫ്ലാറ്റിൽ പോയിരുന്നത്. അവിടെ നടന്ന മദ്യസൽക്കാരം ആസ്വദിച്ചതോടെ ഫ്ലാറ്റിലെ നിത്യസന്ദർശകനായി. സന്ദീപ് അടക്കമുള്ളവരെ പരിചയപ്പെടുന്നത് ഇത്തരം പാർട്ടികളിലൂടെയാണ്. ഉന്നതബന്ധം സ്ഥാപിക്കാനുള്ള പ്രതികളുടെ നീക്കത്തിന്റെ ഭാഗമായാണ് പാർട്ടികളെന്നു മനസിലാക്കാൻ സാധിച്ചില്ലെന്നും ശിവശങ്കർ പറഞ്ഞു ബന്ധുവായതിനാലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്ലാറ്റ് എടുത്തു നൽകാൻ സ്വപ്നയെ സഹായിച്ചത്. ഔദ്യോഗിക ജീവിതത്തിൽ മറ്റു സഹായങ്ങൾ നൽകിയിട്ടില്ല. ശിവശങ്കർ അന്വേഷണവുമായി നല്ലരീതിയിൽ സഹകരിക്കുന്നുണ്ടെന്ന് എൻഐഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി.